| Saturday, 18th April 2026, 11:49 am

അദ്ദേഹം മത്സരത്തെ സമീപിക്കുന്നത് വളരെ വ്യത്യസ്ത രീതിയിലാണ്; സൂപ്പര്‍ താരത്തിന് പിന്തുണയുമായി അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ഐ.പി.എല്ലില്‍ ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനം നടത്തുന്ന അയ്യരെ കളിക്കുന്ന ഇനിയും ഇന്ത്യയുടെ ടി-20 ടീമിലോ നേതൃനിരയിലോ പരിഗണിച്ചില്ലെങ്കില്‍ നഷ്ടം രാജ്യത്തിനാണെന്ന് അശ്വിന്‍ പറഞ്ഞു. മുംബൈയ്‌ക്കെതിരായ റണ്‍ചെയ്‌സിങ്ങില്‍ അയ്യര്‍ കാണിച്ച പക്വത മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ശ്രേയസ് അയ്യരെപ്പോലുള്ള ഒരു കളിക്കാരന്‍ ഇപ്പോഴും ടി-20 ടീമിലോ നേതൃത്വ ഗ്രൂപ്പിലോ ഇല്ലെങ്കില്‍, അത് അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണ്. അയ്യര്‍ മത്സരത്തെ സമീപിക്കുന്നത് വളരെ വ്യത്യസ്ത രീതിയിലാണ്, അവന്‍ തികച്ചും ശാന്തനാണ്.

അത് ടീമിന് മൊത്തത്തില്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരങ്ങളിലടക്കം റണ്‍സ് പിന്തുടരുമ്പോള്‍ അദ്ദേഹം കാണിക്കുന്ന പക്വത പ്രശംസനീയമാണ്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ്

അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങി 35 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്. ഇതോടെ ഐ.പി.എല്‍ കരിയറില്‍ 30ാം അര്‍ധ സെഞ്ച്വറി നേടാനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

നിലവില്‍ സീസണില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 68* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 203 റണ്‍സാണ് അയ്യര്‍ നേടിയത്. ഐ.പി.എല്ലില്‍ ഇതുവരെ 138 മത്സരങ്ങളില്‍ നിന്ന് 3934 റണ്‍സാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റണ്ണേഴ്സ് അപ് ആയ ടീമാണ് പഞ്ചാബ്.

ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ (ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്) ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. മാത്രമല്ല 2023 ഡിസംബര്‍ മുതല്‍ അയ്യര്‍ ഇന്ത്യയുടെ ടി-20 ടീമിന്റെ ഭാഗമല്ല. കൂടാതെ 2024ലും 2026ലും രാജ്യത്തിന്റെ ടി-20 ലോകകപ്പ് ജേതാക്കളായ ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പരിക്ക് അലട്ടിയിരുന്നെങ്കിലും താരം നിലവില്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ അയ്യര്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: R Ashwin Talking About Shreyas Iyer
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more