| Wednesday, 22nd October 2025, 10:22 pm

സര്‍ഫറാസിനോട് എനിക്ക് സങ്കടവും സഹതാപവും തോന്നുന്നു: ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യ എ ടീമില്‍ നിന്ന് സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ആര്‍. അശ്വിന്‍. സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ കളിപ്പിക്കു എന്ന രീതി ശരിയല്ലെന്ന് അശ്വിന്‍ പറഞ്ഞു. സര്‍ഫറാസിനോട് തനിക്ക് സങ്കടവും സഹതാപവും തോന്നുന്നുവെന്നും സര്‍ഫറാസ് തന്റെ അവസാന ടെസ്റ്റ് പരമ്പരയില്‍ ശരീരഭാരം കുറയ്ക്കുകയും സെഞ്ച്വറി നേടുകയും ചെയ്തിരുന്നെന്ന് മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ഫറാസിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതകള്‍ മങ്ങിയെന്ന് ചിന്തിക്കുമായിരുന്നെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്‌കോറുകള്‍ നേടിയാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം മികച്ചവനാണെന്ന് സെലഷന്‍ കമ്മിറ്റി പറയുമെന്നും പിന്നെ സര്‍ഫറാസ് എവിടെയാണ് പ്രകടനം നടത്തേണ്ടതെന്നും അശ്വിന്‍ ചോദിച്ചു.

‘നിലവിലെ ഇന്ത്യ എ ടീം ആശയക്കുഴപ്പത്തിലാണ്. ഇന്ത്യ എയില്‍ സര്‍ഫറാസിനെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്, എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ താരത്തെ കളിപ്പിക്കൂ എന്ന രീതി തെറ്റായ നടപടിയാണ്. അഭിമന്യു ഈശ്വരന്‍ ഇന്ത്യ എയ്ക്ക് വേണ്ടി ധാരാളം കളിച്ചിട്ടുണ്ട്, അദ്ദേഹം എല്ലായിപ്പോഴും തെരഞ്ഞെടുക്കപ്പെട്ടു.

സര്‍ഫറാസിനോട് എനിക്ക് സങ്കടവും സഹതാപവും തോന്നുന്നു. അദ്ദേഹം തന്റെ അവസാന ടെസ്റ്റ് പരമ്പരയില്‍ ശരീരഭാരം കുറയ്ക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. സര്‍ഫറാസിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള എന്റെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചേനെ. വാതിലുകള്‍ അടഞ്ഞതുപോലെ തോന്നും,

അവന്‍ എവിടെ പ്രകടനം നടത്തും? ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്‌കോറുകള്‍ നേടിയാല്‍, അവന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം മികച്ചവനാണെന്ന് അവര്‍ പറയും. അപ്പോള്‍ അവന്‍ ഇന്ത്യ എയിലേക്ക് തെരഞ്ഞെടുക്കപ്പെടില്ല. സ്വയം തെളിയിക്കാന്‍ അവന്‍ എവിടെ പോകും? മാനേജ്മെന്റും സെലക്ഷന്‍ പാനലും അവനെ ഇനി നോക്കുന്നില്ലെന്ന് തോന്നുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആഭ്യന്തര മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള സര്‍ഫറാസ് ഖാന്‍ 2024ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം പരമ്പരയായിരുന്നു അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയിലും ഇംഗ്ലണ്ട് പര്യടനത്തിലും സര്‍ഫറാസിനെ ഉള്‍പ്പെടത്തിയില്ലായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. മാത്രമല്ല അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 92 റണ്‍സ് നേടിയും സര്‍ഫറാസ് മികവ് തെളിയിച്ചു.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ നിന്ന് 371 റണ്‍സാണ് താരം നേടിയത്. 150 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.1 ആവറേജില്‍ റണ്‍സ് നേടിയ താരം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. സൂപ്പര്‍ താരം റിഷബ് പന്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്. സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തതില്‍ പല താരങ്ങളും വിമര്‍ശനം നടത്തിയിരുന്നു.

Content Highlight: R Ashwin Talking About Sarfaraz Khan

We use cookies to give you the best possible experience. Learn more