രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയ നീക്കങ്ങളാണ് നടത്തുന്നത്. ഇതിനായി സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
ട്രേഡ് നടന്നാലും സഞ്ജുവിന്റെ ആദ്യ വര്‍ഷമായതിനാല്‍ ചെന്നൈ അദ്ദേഹത്തെ ഉടനെ നായകനാക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. എന്നാല്‍ ട്രേഡ് നടന്നാല്‍ ഭാവിയില്‍ സഞ്ജു ക്യാപ്റ്റനാകുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സഞ്ജുവിനെ കൊണ്ടുവന്നാല്‍ ചെന്നൈ ജഡേജയുടെ വിടവ് എങ്ങനെ നികത്തുമെന്ന് അശ്വിന്‍ ആശങ്ക ഉന്നയിച്ചു. തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘സി.എസ്.കെയില്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യ വര്‍ഷമായിരിക്കും. അവര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ, ട്രേഡ് നടന്നാല്‍ ഭാവിയില്‍ അദ്ദേഹം തീര്‍ച്ചയായും നായകനായേക്കും,
ടോപ്പ് ഓര്‍ഡറിലെ ആ വിടവ് നികത്തുന്നതിലൂടെ സി.എസ്.കെയ്ക്കും നേട്ടമുണ്ടാകും. ആയുഷിനും സഞ്ജുവിനും ഓപ്പണര്‍മാരാകാം, റിതുരാജിന് മൂന്നാം സ്ഥാനത്ത് വരാം, അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് അവര്‍ക്ക് ബാലന്‍സ് നല്‍കുന്നു.
പക്ഷേ നഷ്ടം അവര്‍ മറ്റൊരു സ്പിന്നറെ എവിടെ നിന്ന് കൊണ്ടുവരും എന്നതാണ്. മധ്യ ഓവറുകള്‍ എറിയാന്‍ അവര്‍ ആശ്രയിക്കുന്ന ആ സ്പിന്നര്‍ ആരായിരിക്കും? അവര്‍ക്ക് വേണ്ടിയുള്ള ആ ഗണ്‍ മാര്‍ക്വീ ഫീല്‍ഡര്‍ ആരാണ്? ഫിനിഷിങ് ആണ് പ്രശ്‌നം,’ അശ്വിന്‍ ‘ആഷ് കി ബാത്തി’ല്‍ പറഞ്ഞു.
അതേസമയം രാജസ്ഥാന്‍ സഞ്ജുവിനെ വിട്ടുനല്‍കുകയാണെങ്കില്‍ വലിയ നഷ്ടം തന്നെയാണ് ഫ്രാഞ്ചൈസിക്കുണ്ടാകുക. റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം, ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം കളിച്ച താരം, ക്യാപ്റ്റനായി ഏറ്റവുമധികം മത്സരം വിജയിപ്പിച്ച താരം തുടങ്ങി ഏണ്ണമറ്റ നേട്ടങ്ങളുമായി രാജസ്ഥാന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ സഞ്ജു പടിയിറങ്ങുന്നതോടെ ഒരു പ്രതാപ കാലമാണ് കഴിയാനിരിക്കുന്നത്.
Content Highlight: R. Ashwin Talking About Sanju Samson’s Trade In Chennai Super Kings