സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ മൂന്നാം നമ്പറില്‍ ഇറക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഓസ്ട്രേലിയയില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കാനും ശ്രമിച്ചിരുന്നെന്നും ബാറ്റിങ് ഓര്‍ഡറില്‍ ഗില്‍ വന്നതിന് ശേഷമാണ് ടെംപ്ലേറ്റ് മാറ്റേണ്ടിവന്നതെന്നും അശ്വിന്‍ പറഞ്ഞു.
‘മൂന്നാം സ്ഥാനത്ത് സഞ്ജുവിന് നിങ്ങള്‍ അവസരം നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയയില്‍ അവര്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കാനും ശ്രമിച്ചിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ ഗില്‍ വന്നതിന് ശേഷമാണ് ടെംപ്ലേറ്റ് മാറ്റേണ്ടിവന്നത്.
Sanju Samson, Photo: BCCI/x.com
സഞ്ജു ഓപ്പണറയും കീപ്പിങ് ഓപ്ഷനായും കളിക്കുകയായിരുന്നു. അതെല്ലാം ഇപ്പോള്‍ മാറി, ഡൗണ്‍ ഓര്‍ഡറില്‍ ഒരു കീപ്പറെയും ഫിനിഷറെയും നിങ്ങള്‍ ഉള്‍പ്പെടുത്തി. ബാറ്റര്‍മാര്‍ക്ക് തങ്ങളുടെ റോള്‍ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്,’ അശ്വിന്‍ ‘ആഷ് കി ബാത്ത്’ എന്ന പരിപാടിയില്‍ പറഞ്ഞു.
അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല മത്സരത്തില്‍ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് അവസരമുണ്ട്.
ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 13ാമത് താരമാകാനും സഞ്ജുവിന് സാധിക്കും.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, വാഷിങ്ടണ്‍ സുന്ദര്‍