| Thursday, 30th July 2026, 10:28 pm

അവന്റെ ഫിറ്റ്‌നസ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായേക്കാം: ആര്‍. അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്. കെ.എല്‍. രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഇന്ത്യന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ പരിക്കിന്റെ പിടിയിലാണ്. ഇപ്പോള്‍ സായ് ഫിറ്റല്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരവുമാണ് സായിയെന്നും താരത്തെ ലഭ്യമല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനെ തെരഞ്ഞെടുക്കാമെന്നും അശ്വിന്‍ പറഞ്ഞു.

‘സായ് സുദര്‍ശന്റെ ഫിറ്റ്‌നസ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായേക്കാം. ഇന്ത്യ എ ടീമിനായി കളിച്ച പരമ്പരയില്‍ അദ്ദേഹം രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. അതിലൊന്ന് ഗല്ലെയിലായിരുന്നു. അദ്ദേഹം ഫിറ്റാണെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ മുന്‍തൂക്കമാകും. ആത്മവിശ്വാസവും ഉയര്‍ന്ന നിലയിലായിരിക്കും. സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരവുമാണ് അദ്ദേഹം.

അദ്ദേഹം പൂര്‍ണമായും ഫിറ്റായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് പകരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചാലും അതും മോശമായ കാര്യമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പടിക്കല്‍ കാഴ്ചവെച്ചിട്ടുള്ളത്. രണ്ടുപേരില്‍ ആര്‍ക്ക് അവസരം ലഭിച്ചാലും ഞാന്‍ സന്തോഷവാനാണ്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ദേവ്ദത്ത് പടിക്കല്‍

സായിക്ക് പുറമെ സ്‌ക്വാഡിലുള്ള സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും പരിക്ക് പൂര്‍ണമായി മാറിയിട്ടില്ല. ഓള്‍റൗണ്ടര്‍ വാഷിങ്ടണ് സുന്ദറിന് ആദ്യ മത്സരത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല.

അതേസമയം പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍

* പരിക്ക് പൂര്‍ണമായി ഭേദമാകാത്ത താരങ്ങള്‍

Content Highlight: R Ashwin Talking About Sai Sudharshan Ahead Sri Lankan Test Series

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more