| Tuesday, 18th November 2025, 8:40 pm

സായി സുദര്‍ശന്റെ കാര്യത്തില്‍ ആശങ്കയുണ്ട്; തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ ഒരുക്കിയ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു. എന്നാല്‍ പ്രോട്ടിയാസ് ബൗളിങ്ങില്‍ അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. മത്സരത്തില്‍ ഇന്ത്യന്‍ യുവ താരം സായി സുദര്‍ശന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്ക് കാരണം കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ സായിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചേക്കും. ഇപ്പോള്‍ സായ് സുദര്‍ശന് പിന്തുണ നല്‍കി സംസാരിക്കുകയാണ് മുന്‍ താരം ആര്‍ അശ്വിന്‍.

കഴിവുള്ള കളിക്കാരനായിട്ടും സായി സുദര്‍ശനെ ടീമില്‍ എടുക്കാത്തതില്‍ ആശങ്കയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം.

ടീമില്‍ നാല് സ്പിന്നര്‍മാരുടെ ആവശ്യമില്ലെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല ടീമിലെടുത്തിട്ടും അവര്‍ക്ക് ഓവര്‍ നല്‍കാത്തത് താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് അശ്വിന്‍ കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘സായ് സുദര്‍ശന്‍ ഒരു കഴിവുള്ള കളിക്കാരനായതിനാല്‍ എനിക്ക് അദ്ദേഹത്തെക്കുറിച്ച് ശരിക്കും ആശങ്കയുണ്ട്. പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മനസില്‍ എന്തായിരിക്കും?

വ്യക്തിപരമായി, ടീമില്‍ നാല് സ്പിന്നര്‍മാര്‍ ഉണ്ടാകുന്നത് അമിതമാണെന്ന് ഞാന്‍ കരുതുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാം ഇന്നിങ്സില്‍ പോലും പന്തെറിഞ്ഞില്ല. നിങ്ങള്‍ നാല് സ്പിന്നര്‍മാരെ തെരഞ്ഞെടുത്തിട്ടും അവര്‍ക്ക് ഓവര്‍ നല്‍കിയില്ലെങ്കില്‍, തീര്‍ച്ചയായും കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.

ടി-20യില്‍ ഓള്‍റൗണ്ടര്‍മാരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു, പക്ഷേ ടെസ്റ്റില്‍ സ്പെഷ്യലിസ്റ്റുകളാണ് പ്രധാനം. സ്ഥിരത കെട്ടിപ്പടുക്കുന്നതിനും അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിനും വ്യക്തമായ റോളുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇവ നിര്‍ണായക പോയിന്റുകളാണ്, ഇന്ത്യ ഫൈനലിലെത്താന്‍ ആഗ്രഹിക്കുന്നു. നേരിട്ടുള്ള പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്ന് ടോസില്‍ ഗില്‍ തന്നെ പരാമര്‍ശിച്ചു,’ ആര്‍. അശ്വിന്‍ പറഞ്ഞു.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന് ഗില് (ക്യാപ്റ്റന്), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), യശസ്വി ജെയ്സ്വാള്, കെ.എല്. രാഹുല്, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്, ധ്രുവ് ജുറെല് (വിക്കറ്റ് കീപ്പര്), രവീന്ദ്ര ജഡേജ, വാഷിങ്ടണ് സുന്ദര്, ജസ്പ്രീത് ബുംറ, അക്സര് പട്ടേല്, നിതീഷ് കുമാര് റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്ദീപ് യാദവ്, ആകാശ് ദീപ്.

Content Highlight: R. Ashwin Talking About Sai Sudharsan

Latest Stories

We use cookies to give you the best possible experience. Learn more