| Friday, 27th March 2026, 2:54 pm

ടീമിലുണ്ടെങ്കില്‍ കളിക്കണം, താത്പര്യമില്ലെങ്കില്‍ മുഴുവന്‍ സീസണും കളിക്കരുത്; ധോണിയോട് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐക്കോണിക്ക് താരമായ എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ടീമിലുണ്ടങ്കില്‍ ധോണി കളിക്കണമെന്നും താത്പര്യമില്ലെങ്കില്‍ മുഴുവന്‍ സീസണിലും കളിക്കരുതെന്നും അശ്വിന്‍ എടുത്ത് പറഞ്ഞു. ടീമിന്റെ ഭാഗമാകാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തോട് കളിക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘എം.എസ്. ധോണി ഇംപാക്ട് പ്ലെയര്‍ ലിസ്റ്റില്‍ ഉണ്ടാകരുത്. ടീമിലുണ്ടെങ്കില്‍ കളിക്കണം. താത്പര്യമില്ലെങ്കില്‍ മുഴുവന്‍ സീസണും കളിക്കരുത്. ഇംപാക്ട് പ്ലെയറായി അദ്ദേഹം പുറത്തുപോകുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല.

നിങ്ങള്‍ ഒരു സി.എസ്.കെ ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ ധോണി ടീമിലുണ്ടെങ്കില്‍, ഈ ചര്‍ച്ച അവസാനിപ്പിക്കണം. അദ്ദേഹം കളിക്കണം. കളിക്കാന്‍ താത്പര്യമില്ലെങ്കില്‍ അദ്ദേഹം വിരമിക്കും. കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. കളിക്കാന്‍ തയ്യാറാണെന്ന സന്ദേശം അദ്ദേഹം നല്‍കുന്നു. ടീമിന്റെ ഭാഗമാകാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തോട് കളിക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് പറഞ്ഞു.എം.എസ്. ധോണി

ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 44ാം വയസിലും ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങാനിരിക്കുമ്പോള്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2025ല്‍ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താരം ഫ്രാഞ്ചൈസിക്കൊപ്പം നിലകൊള്ളുകയാണ്.

ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി 242 ഇന്നിങ്‌സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം, ഐ.പി.എല്‍ 2026ല്‍ മാര്‍ച്ച് 30നാണ് ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlight: R Ashwin Talking About MS Dhoni

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more