| Thursday, 15th October 2026, 11:19 pm

അവനെ ബെഞ്ചിലിരുത്തിയത് എന്നെ അത്ഭുതപ്പെടുത്തി; സൂപ്പര്‍ താരത്തെ പിന്തുണച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ബെഞ്ചില്‍ ഇരുത്തിയതിന് രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അശ്വിന്‍.

സ്പിന്നര്‍മാര്‍ക്ക് അത്ര അനുകൂലമായ ഗ്രൗണ്ട് അല്ലെങ്കിലും തന്റെ ഗൂഗ്ലി കൊണ്ട് വിന്‍ഡീസ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കുല്‍ദീപിന് സാധിക്കുമായിരുന്നു എന്ന് ഇതിഹാസം പറഞ്ഞു. ടീമില്‍ കുല്‍ദീപിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ 15 – 20 റണ്‍സിന്റെ വ്യത്യാസം ഉണ്ടാകാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരയില്‍ ഇതുവരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.

‘ബൗണ്‍സ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ഗ്രൗണ്ടില്‍ ഇത്തരമൊരു തീരുമാനം അല്‍പം അമ്പരപ്പിക്കുന്നതാണ്. സ്പിന്നര്‍മാര്‍ക്ക് അത്ര അനുകൂലമായ ഗ്രൗണ്ടല്ല ഇത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് കുല്‍ദീപ് യാദവിന്റെ ഗൂഗ്ലിയും ലെഗ് സ്പിന്നും നേരിടാന്‍ ബുദ്ധിമുട്ടാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ കുല്‍ദീപിനെ പുറത്തിരുത്തുകയാണെങ്കില്‍, ആ തീരുമാനത്തില്‍ അല്‍പം സാമാന്യബുദ്ധിയുടെ അഭാവമുണ്ടെന്ന് പറയേണ്ടിവരും. ടീമില്‍ കുല്‍ദീപിന്റെ സാന്നിധ്യം മാത്രം 15-20 റണ്‍സിന്റെ വ്യത്യാസം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നുവെന്നതും ഈ തീരുമാനത്തെ കൂടുതല്‍ അമ്പരപ്പിക്കുന്നതാക്കുന്നു.

ഇന്‍ഡോറില്‍ കുല്‍ദീപിനെ കളിപ്പിക്കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഗ്രൗണ്ട് ചെറുതായതിനാല്‍ അങ്ങനെയൊരു തീരുമാനമെടുത്തത് എനിക്ക് മനസിലാക്കാം. എന്നാല്‍ റാഞ്ചിയില്‍ ഇന്ത്യ തോറ്റത് കുല്‍ദീപിന്റെ മാത്രം പിഴവാണെന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അത് തെറ്റാണ്,’ അശ്വിന്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 24 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സ് 19.3 ഓവറില്‍ 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റും കയ്യില്‍ പിടിച്ച് ബാറ്റ് ചെയ്ത ഇന്ത്യ, അര്‍ഷ്ദീപ് സിങ്ങിന്റെ റിട്ടയേഡ് ഹേര്‍ട്ടോടെ തോല്‍വി സമ്മതിക്കുകയായിരുന്നു.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 2-2ന് സമനില പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചിരിക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്‍ണായക മത്സരം ഒക്ടോബര്‍ 17ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

Content Highlight: R Ashwin Talking About Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more