ഇന്ത്യന്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയെക്കുറിച്ചും സഞ്ജു സാംസണിനെക്കുറിച്ചും സംസാരിക്കുകയാണ് ഇതിഹാസം ആര്‍. അശ്വിന്‍. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ വൈഭവിനെ മാറ്റിനിര്‍ത്തി സഞ്ജുവിനാണ് മാനേജ്‌മെന്റ് അവസരം നല്‍കിയത്.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു നിലവില്‍ വൈഭവിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും വൈഭവിന് ഒരു അവസരം ലഭിക്കേണ്ടതാണെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല ഒരു മാച്ച് വിന്നര്‍ ആയ അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തി വൈഭവിന് അവസരം നല്‍കാന്‍ സാധിക്കില്ലെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.
‘വൈഭവിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പാകത്തിലുള്ള പ്രകടനം സഞ്ജു ഇപ്പോള്‍ കാഴ്ചവെക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിര്‍ഭാഗ്യവശാല്‍, വൈഭവിനും ഒരു അവസരം നല്‍കണേണ്ടതാണ്. പക്ഷേ നമുക്ക് എന്തുചെയ്യാന്‍ കഴിയും? ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും അഭിഷേക് ശര്‍മയെ തൊടാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതിനാലുമാണ് ഇരുവരും തമ്മിലുള്ള ഈ പോരാട്ടം നടക്കുന്നത്. അഭിഷേക് ശര്‍മ ഒരു അസാധാരണ കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റ് നന്നായി കളിക്കാന്‍ തുടങ്ങിയാല്‍, അദ്ദേഹം എപ്പോഴും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 82 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
Content Highlight: R. Ashwin Talking About Indian Openers Sanju samson And Vaibhav Sooryavanshi