| Friday, 7th August 2026, 10:25 pm

മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ ശക്തരാകണമെങ്കില്‍ അത് ചെയ്യണം; ഹര്‍ദിക്കിന്റെ ട്രേഡിനെക്കുറിച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി വമ്പന്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നത്. അതില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം. നിലവില്‍ ഹര്‍ദിക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ചര്‍ച്ചകള്‍ പ്രകാരം ഹര്‍ദിക്കിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത കാമറൂണ്‍ ഗ്രീനെ നല്‍കുമെന്നും ചെന്നൈ ശിവം ദുബെയെയും ഒരു പേസറെയും കൈമാറാന്‍ തയ്യാറാണെന്നും അശ്വിന്‍ പറഞ്ഞു.

അതേസമയം കാമറൂണ്‍ ഗ്രീന്‍ അടുത്ത വര്‍ഷം ഗ്രീന്‍ ആഷസ് പരമ്പരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യുമെന്നും അശ്വിന്‍ ചോദ്യമുന്നയിച്ചു. മാത്രമല്ല താന്‍ മുംബൈ മാനേജ്‌മെന്റിലായിരുന്നെങ്കില്‍ ഹര്‍ദിക്കിന് പകരമായി ഹര്‍ഷിത് റാണയെയും റിങ്കു സിങ്ങിനെയും ലഭിക്കണമെന്ന് പറയുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ മാത്രമല്ല, ഹര്‍ദിക് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് പോകാനുള്ള സാധ്യതയും പൂര്‍ണമായും തള്ളിക്കളയാനാകില്ല. ചര്‍ച്ചകള്‍ പ്രകാരം ചെന്നൈ ശിവം ദുബെയെയും ഒരു പേസറെയും കൈമാറാന്‍ തയ്യാറാണ്. അതേസമയം, കൊല്‍ക്കത്ത കാമറൂണ്‍ ഗ്രീനെ നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ഗ്രീന്‍ ആഷസ് പരമ്പരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും?

ഞാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിലായിരുന്നുവെങ്കില്‍, കൊല്‍ക്കത്തയുമായുള്ള ട്രേഡ് ഒരു നിബന്ധനയില്‍ മാത്രമേ അംഗീകരിക്കൂ, പകരമായി ഹര്‍ഷിത് റാണയെയും റിങ്കു സിങ്ങിനെയും ലഭിക്കണം. അങ്ങനെയായാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ ശക്തരാകൂ,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി വമ്പന്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായി ശ്രമിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഹര്‍ദിക്കിന് നായകസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, താരത്തെ ടീമിലെത്തിക്കാന്‍ ഓള്‍-ക്യാഷ് കരാറിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഇടപാട് പൂര്‍ത്തിയായെന്നോ ഹര്‍ദിക് കൊല്‍ക്കത്തയുടെ പുതിയ നായകനായെന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

Content Highlight: R Ashwin Talking About Hardik Pandya’s Trade In IPL 2027

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more