| Saturday, 25th July 2026, 7:51 am

ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയും, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണം; പിന്തുണയുമായി ആര്‍. അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി ആര്‍. അശ്വിന്‍. നിലവിലെ ഇന്ത്യന്‍ പേസ് ബൗളിങ് നിരയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമാണെന്നും അതുകൊണ്ട് ഭുവനേശ്വര്‍ കുമാറിനെ വീണ്ടും പരിഗണിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി കഴിഞ്ഞ രണ്ട് സീസണിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്താന്‍ ഭുവനേശ്വറിന് സാധിച്ചിട്ടുണ്ടെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ന്യൂ ബോളില്‍ സ്വിങ് ചെയ്യിക്കാനും മികച്ച രീതിയില്‍ ഡെത്ത് ഓവറുകള്‍ എറിയാനും ഭുവിക്ക് സാധിക്കുമെന്നും അശ്വിന്‍ എടുത്തുപറഞ്ഞു.

‘ഇപ്പോള്‍ നമ്മുടെ ഫാസ്റ്റ് ബൗളിങ് നിരയുടെ അവസ്ഥ നോക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഭുവനേശ്വര്‍ കുമാറിനെ വീണ്ടും പരിഗണിക്കുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ?

ഭുവനേശ്വർ കുമാർ

ഷമിയും ഭുവനേശ്വറും തമ്മിലുള്ള പ്രധാന വ്യത്യാസം ഒന്ന് മാത്രമാണ്. അത് കഴിഞ്ഞ രണ്ട് സീസണുകളായി ആര്‍.സി.ബിക്കായി സ്ഥിരമായി കളിക്കാനും പരിക്കുകളില്ലാതെ ഫിറ്റായി തുടരാനും ഭുവനേശ്വറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ്. ആര്‍.സി.ബി കിരീടം നേടിയ ആ രണ്ട് സീസണുകളിലും വിജയത്തിന് പിന്നിലെ പ്രധാന മൂന്ന് കാരണങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

ഇപ്പോഴും അദ്ദേഹം വേണ്ടത്ര ഫിറ്റാണ്. അദ്ദേഹത്തെ നേരിട്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, കുറഞ്ഞത് ഒരു അവസരമെങ്കിലും നല്‍കി പിന്നീട് തീരുമാനം എടുക്കാമല്ലോ.

ന്യൂ ബോളില്‍ സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഡെത്ത് ഓവറുകളിലും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയും. അതുപോലെ തന്നെ ബാറ്റുകൊണ്ടും കുറച്ച് സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും. ഭുവനേശ്വറിന് മികച്ച ബാറ്റിങ് കഴിവുമുണ്ട്,’ തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ അശ്വിന്‍ പറഞ്ഞു.

ഭുവനേശ്വർ കുമാർ

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച പേസര്‍ 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

Content Highlight: R Ashwin Talking About Bhuvaneshwar Kumar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more