| Friday, 16th January 2026, 5:27 pm

അടുത്ത കളിയാകുമ്പോള്‍ അവന്‍ തുരുമ്പെടുക്കും; സൂപ്പര്‍ ബൗളര്‍ക്ക് പിന്തുണയുമായി അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിന്‍. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഹിറ്റ്-ദി-ഡെക്ക് ബൗളര്‍മാരെയാണ് ആവശ്യമെന്നും പ്രസിദ്ധ് കൃഷ്ണയ്ക്കും ഹര്‍ഷിത് റാണയ്ക്കും പരിചയസമ്പത്ത് ആവശ്യമാണെന്നും അശ്വിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത താരമാണ് അര്‍ഷ്ദീപെന്നും ഇപ്പോഴും തന്റെ സ്ഥാനത്തിനായി അദ്ദേഹം പോരാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല അടുത്ത കളിയാകുമ്പോള്‍ അര്‍ഷ്ദീപ് തുരുമ്പെടുത്തേക്കുമെന്നും അശ്വിന്‍ സൂചിപ്പിച്ചു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് വിക്കറ്റ് നേടിയപ്പോള്‍, Photo: BCCO/x.com

‘ബൗളര്‍മാര്‍ തമ്മിലാണ് മത്സരം. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഹിറ്റ്-ദി-ഡെക്ക് ബൗളര്‍മാരെയാണ് ആവശ്യം. പ്രസിദ്ധ് കൃഷ്ണയ്ക്കും ഹര്‍ഷിത് റാണയ്ക്കും പരിചയസമ്പത്ത് ആവശ്യമാണ്. പക്ഷേ ആരും അര്‍ഷ്ദീപ് സിങ്ങിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയമായിരിക്കില്ല.

എന്നിരുന്നാലും അദ്ദേഹം ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഇപ്പോഴും തന്റെ സ്ഥാനത്തിനായി അദ്ദേഹം പോരാടുകയാണ്. അടുത്ത കളിയാകുമ്പോള്‍ അവന്‍ തുരുമ്പെടുക്കും. ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. എന്തുകൊണ്ടാണ് ബൗളര്‍മാരോട് ഇങ്ങനെ പെരുമാറുന്നത്? ബാറ്റര്‍മാരോട് ഒരിക്കലും ഇങ്ങനെ പെരുമാറുന്നില്ല,’ അശ്വിന്‍ പറഞ്ഞു.

നിലവില്‍ അര്‍ഷ്ദീപ് സിങ് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിനാവാം ഏകദിനത്തില്‍ നിന്ന് അര്‍ഷ്ദീപിനെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഏകദിന മത്സരത്തില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 22 വിക്കറ്റുകള്‍ അര്‍ഷ്ദീപ് വീഴ്ത്തിയിട്ടുണ്ട്.

ടി-20യിലെ 71 ഇന്നിങ്‌സില്‍ നിന്ന് 110 വിക്കറ്റും താരം അക്കൗണ്ടിലാക്കി. അതുകൊണ്ടുതന്നെ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ താരം യോഗ്യനാണെന്ന് തെളിയിച്ചിച്ചുണ്ട്. വാരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: R Ashwin Talking About Arshdeep Singh

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more