2026 ഐ.പി.എല്‍ പ്ലേ ഓഫിലേക്ക് ഏതെല്ലാം ടീമുകള്‍ മുന്നേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സീസണിലെ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ടീമുകള്‍ രണ്ടാം ഘട്ടത്തില്‍ പരാജയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ആദ്യ ഏഴ് മത്സരങ്ങള്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് കിങ്സ് അവസാനത്തെ മൂന്ന് മത്സരങ്ങളും തോല്‍വി വഴങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിര്‍ണായക മത്സരങ്ങളില്‍ തോല്‍വി നേരിടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാവാനുള്ള അവസരവും ബെംഗളൂരു നഷ്ടപ്പെടുത്തിയിരുന്നു.
എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ഘട്ടത്തില്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളും തോല്‍വിയറിയാതെയാണ് അജിന്‍ക്യ രഹാനെയും സംഘവും ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇനിയുള്ള നാല് മത്സരങ്ങളും വിജയിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവും.
ഇപ്പോള്‍ കൊല്‍ക്കത്തയുടെ ഈ വമ്പന്‍ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. കൊല്‍ക്കത്ത പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയാല്‍ അപകടകാരികളായി മാറുമെന്നാണ് അശ്വിന്‍ പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവും. എന്നാല്‍ ദല്‍ഹി ക്യാപിറ്റല്‍സിന് അവിടെ എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കൊല്‍ക്കത്തയും പരാജയപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അവര്‍ യോഗ്യത നേടിയാല്‍ അപകടകാരികളായി മാറും. ആരും പുറത്തായെന്ന് പറയാനാവില്ല. എന്നാല്‍ കെ.കെ.ആറിന് ബുദ്ധിമുട്ടായിരിക്കും. അവര്‍ തിരിച്ചുവരവ് നടത്തി ഒമ്പത് പോയിന്റുകള്‍ നേടി. ഇത് അത്ഭുതകരമായ നേട്ടമാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ മൂന്ന് കിരീടങ്ങള്‍ നേടിയത്’, അശ്വിന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മെയ് 13ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. റായ്പൂരിലാണ് മത്സരം.
Content Highlight: R Ashwin Talk about Kolkata Knight Riders Performance in IPL 2026