ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. സഞ്ജു സാംസണെയും സൂര്യകുമാര്‍ യാദവിനെയും നിങ്ങള്‍ ടീമില്‍ നിന്ന് പുറത്താക്കിതോടെ മറ്റ് താരങ്ങളും അടുത്തത് തങ്ങളുടെ ഊഴമാണെന്ന് ചിന്തിക്കുമെന്നും, അത് ഒരിക്കലും നല്ല സന്ദേശമല്ല നല്‍കുകയെന്നും അശ്വിന്‍ പറഞ്ഞു. താന്‍ പരിശീലകനായിരുന്നെങ്കില്‍ സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണെയും സൂര്യകുമാര്‍ യാദവിനെയും നിങ്ങള്‍ ടീമില്‍ നിന്ന് പുറത്താക്കി. ഇനി ബാക്കിയുള്ള താരങ്ങള്‍ എന്താണ് ചിന്തിക്കുക? അടുത്തതായി തങ്ങളെയും പുറത്താക്കുമെന്നാണ് എല്ലാവര്‍ക്കും തോന്നുക. അത് ടീമിന് നല്ല സന്ദേശമല്ല.
സഞ്ജുവിനെ വളരെ നേരത്തെയാണ് അവര്‍ പുറത്താക്കിയത്. ഞാന്‍ പരിശീലകനായിരുന്നെങ്കില്‍, ലോകകപ്പ് നേടിയ താരമായതിനാല്‍ സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമായിരുന്നു. സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലായിരുന്നു. ആവശ്യമെങ്കില്‍ നായകസ്ഥാനത്ത് നിന്ന് മാറ്റാമായിരുന്നു, പക്ഷേ ടീമില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലായിരുന്നു,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും
ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. സഞ്ജുവിന് പകരമെത്തിയത് 15കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. അരങ്ങേറ്റമത്സരത്തില്‍ പത്ത് പന്തില്‍ 14 റണ്‍സുമായാണ് വൈഭവ് പുറത്തായത്.
അതേസമയം മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.