| Friday, 28th August 2026, 2:59 pm

എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കാത്തത്? വിമര്‍ശനവുമായി ആര്‍. അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം ലഭിച്ചില്ലായിരുന്നു. ഇപ്പോള്‍ കുല്‍ദീപിനെ പിന്തുണച്ച് സംസാരിക്കുകയാണ് ഇതിഹാസം ആര്‍. അശ്വിന്‍. ആദ്യ ടെസ്റ്റില്‍ അവസരം നല്‍കിയെങ്കിലും രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ കളിപ്പിക്കാത്തത് താരത്തിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടാകുമെന്ന് അശ്വിന്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിക്കറ്റ് നേടാന്‍ ബുദ്ധിമുട്ടിയ സമയത്ത് കുല്‍ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുമായിരുന്നു എന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ കുല്‍ദീപിന് അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘കുല്‍ദീപ് യാദവിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോള്‍ കുല്‍ദീപിന്റെ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലയിലായിരിക്കും.

60ാം ഓവര്‍ മുതല്‍ 80ാം ഓവര്‍ വരെയുള്ള ഘട്ടത്തില്‍ ജഡേജ ഒരുപാട് ഓവറുകള്‍ എറിയുന്നുണ്ട്. ഈ സമയത്ത് റണ്‍സ് നേടുക ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. എന്നാല്‍ ഒരു സ്പിന്നറെ സംബന്ധിച്ചും ഈ ഘട്ടത്തില്‍ പന്തെറിയുക എളുപ്പമല്ല. ഒരു ബൗളര്‍ക്ക് അധിക സ്‌പെല്‍ നല്‍കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

കുല്‍ദീപ് അവിടെ ഉണ്ടായിരുന്നെങ്കില്‍ തന്റെ വൈവിധ്യമാര്‍ന്ന പന്തുകളിലൂടെ ബാറ്റര്‍മാരെ പരീക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കുല്‍ദീപ് എന്ത് തെറ്റാണ് ചെയ്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കാത്തത്? അദ്ദേഹത്തോട് എനിക്ക് സഹതാപമുണ്ട്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ കുല്‍ദീപിന് പകരക്കാരനായി ഇറങ്ങിയ സാരാന്‍ഷ് ജെയിന്‍ ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റും നേടിയിരുന്നു. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ച കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: R Ashwin Supports Indian Spinner Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more