| Thursday, 19th February 2026, 6:48 pm

ടി-20 ക്രിക്കറ്റില്‍ അവന്‍ അപകടകാരിയായ ബാറ്ററാണ്; സൂപ്പര്‍ താരത്തെ പിന്തുണച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ പിന്തുണച്ച് മുന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍. ടി-20 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് അഭിഷേക് പുറത്തായത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ അഭിഷേകിന്റെ കളിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറയുകയാണ് ആര്‍. അശ്വിന്‍. തുടര്‍ച്ചയായി മൂന്ന് ഡക്ക് താരത്തിനുണ്ടെങ്കിലും ടി-20 ക്രിക്കറ്റില്‍ അഭിഷേക് അപകടകാരിയായ ബാറ്ററാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇപ്പോള്‍ അഭിഷേകിനെ ടീമില്‍ നിന്ന് പുറത്താക്കില്ലെന്നും താരം താളം കണ്ടെത്തിയാല്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘അവന്റെ കളിയില്‍ പ്രശ്‌നങ്ങളില്ല. അഭിഷേക് എപ്പോഴും ഇങ്ങനെയാണ് കളിക്കാറുള്ളത്. പക്ഷേ ഇത് അഭിഷേകിനെ ലക്ഷ്യം വെക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും അഭിഷേക് റണ്‍സ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അഭിഷേക് ശര്‍മ

തുടര്‍ച്ചയായി മൂന്ന് ഡക്ക് താരത്തിനുണ്ടെങ്കിലും, ടി-20 ക്രിക്കറ്റില്‍ അവന്‍ അപകടകാരിയായ ബാറ്ററാണ്. ഇപ്പോള്‍ അവനെ ടീമില്‍ നിന്ന് പുറത്താക്കില്ല. അവന്‍ താളം കണ്ടെത്തിയാല്‍, പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കും,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം 2026 ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഡച്ച് പടയ്ക്ക് സമ്മാനിച്ചത്. ഇതോടെ ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുകയാണ് ഇന്ത്യ.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ്. ഫെബ്രുവരി 22ന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തില്‍ ഇന്ത്യ ഓപ്പണറായി ആരെ പരീക്ഷിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഫോം ഔട്ടായ അഭിഷേകിനെ മറികടന്ന് സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: R Ashwin Supports Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more