മലയാളി സഞ്ജു സാംസണിന്റെ പ്രകടനമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവ ചര്‍ച്ച. ന്യൂസിലാന്‍ഡിന് എതിരെയുള്ള ആദ്യ രണ്ട് ടി – 20 മത്സരങ്ങളിലും താരം ചെറിയ സ്‌കോറിന് പുറത്തായിരുന്നു. ലോകകപ്പ് അടുത്തിരിക്കെയുള്ള താരത്തിന്റെ പ്രകടനം വലിയ ആശങ്കയാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതോടെ പല മുന്‍ താരങ്ങളും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. സഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെയാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍. അശ്വിന്‍. Photo: Shanu /x.com
മുമ്പ് സഞ്ജു നന്നായി കളിച്ചിരുന്നപ്പോള്‍ മാറ്റിയതും ഇപ്പോള്‍ ഇഷാന്‍ കിഷന്റെ പ്രകടനം കണ്ട് അവനെ കളിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സര്‍ക്കസ് ആക്ട് ഇന്ത്യ നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പണിങ് ജോഡിയെ രണ്ട് മത്സരങ്ങളിലാണ് തിരികെ കൊണ്ടുവന്നതെന്നും അത് മാറ്റുന്നത് അനീതിയാണെന്നും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജുവിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് വളരെ നേരത്തെയാണ്. മുമ്പ് നന്നായി കളിച്ച സഞ്ജുവിനെ മാറ്റി, ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്നുവെന്നതിനാല്‍ ഇഷാന്‍ കിഷനെ കൊണ്ടുവരുന്നത് ഒരുതരം സര്‍ക്കസാണ്. ഇത്തരം തീരുമാനങ്ങള്‍ എങ്ങനെ ടീമിനെ ബാധിക്കുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ?
ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ ഇത് ദോഷകരമായി ബാധിക്കും. ടീമില്‍ സ്ഥാനം ലഭിക്കാന്‍ വലിയ മത്സരമുണ്ട്. എന്നാല്‍ ഇത്ര വേഗത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അനീതിയാണ്. സഞ്ജു – അഭിഷേക് ശര്‍മ ഓപ്പണിങ് സഖ്യം തിരിച്ചെത്തിയിട്ട് രണ്ട് മത്സരങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നത് പ്രായോഗികമല്ല,’ അശ്വിന്‍ പറഞ്ഞു.
സഞ്ജു സാംസൺ. Photo: Team Samson/x.com
രണ്ടാം ടി -20യില്‍ സഞ്ജു പുറത്തായ രീതിയെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. അവന്‍ ഒരു അറ്റാക്കിങ് ഷോട്ട് കളിച്ചാണ് പുറത്തായത്. അതിന്റെ പേരില്‍ ഒരാളെ ബെഞ്ചിലിരുത്തിയാല്‍ ഒരു താരത്തിന്റെ മികച്ച പ്രകടനം എങ്ങനെ കാണാനാവും?
സഞ്ജുവിന്റെ ഷോട്ട് കാണിക്കുന്നത് അവന്‍ പാനിക്കായി എന്നല്ല കാണിക്കുന്നത്. ഒരു പന്ത് കണ്ടപ്പോള്‍ തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കുകയാണ് അവന്‍ ചെയ്തത്. അങ്ങനെയാണ് ടി – 20യില്‍ ഒരു ബാറ്റര്‍ കളിക്കേണ്ടതെന്നും ഇത്തവണത്തെ ഷോട്ട് സഞ്ജുവിന് അനുകൂലമായില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: R. Ashwin support Sanju Samson and says India shouldn’t keep doing circus act with wicket keeper batter