| Monday, 18th May 2026, 11:15 am

നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് അവര്‍ ചിന്തിക്കേണ്ടതില്ല; പിന്തുണയുമായി അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയപ്പെട്ട ചെന്നൈക്ക് ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

നിര്‍ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ചെന്നൈയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരം ആര്‍. അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ഒട്ടും വിഷമിക്കാതെ ആദ്യ നാലില്‍ ഇടം നേടാന്‍ കഴിയുമെന്ന് അശ്വിന്‍ പറഞ്ഞു. ചെന്നൈ അടുത്ത രണ്ട് മത്സരങ്ങളും ജയിക്കുമെന്നും അശ്വിന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെന്നൈ സൂപ്പര്‍ കിങ്സ് അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍, നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ഒട്ടും വിഷമിക്കാതെ അവര്‍ക്ക് ആദ്യ നാലില്‍ ഇടം നേടാന്‍ കഴിയും. സി.എസ്.കെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ അവരുടെ സാധ്യതകള്‍ കൂടുതല്‍ വര്‍ധിക്കും.

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തോറ്റതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിന് സാഹചര്യം കൂടുതല്‍ അനുകൂലമായി. ചെന്നൈ അടുത്ത രണ്ട് മത്സരങ്ങളും ജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടും. അതാണ് എന്റെ വിശ്വാസം. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം,’ അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 14 പോയിന്റാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. ഇന്ന് ചെന്നൈയെ വീഴ്ത്തിയാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് കടക്കാം.

മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ഈ നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നത്.

Content Highlight: R Ashwin Support Chennai Super Kings In Crucial Situation In IPL Playoff

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more