ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍. അശ്വിന്‍ ഐ.എല്‍ ടി-20യില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ പുതിയ എഡിഷന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ അശ്വിന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ഐ.പി.എല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് യു.എ.ഇയില്‍ ആരഭിച്ച ടി-20 ക്രിക്കറ്റ് ലീഗാണ് ഐ.എല്‍ ടി-20. ഐ.പി.എല്ലിലെ ടീമുകളുടെ കൗണ്ടര്‍പാര്‍ട്ടുകളും സിസ്റ്റര്‍ ഫ്രാഞ്ചൈസികളും ഐ.എല്‍ ടി-20യിലും കളത്തിലിറങ്ങുന്നുണ്ട്.
അബുദാബി നൈറ്റ് റൈഡേഴ്‌സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), എം.ഐ എമിറേറ്റ്‌സ് (മുംബൈ ഇന്ത്യന്‍സ്), ദുബായ് ക്യാപ്പിറ്റല്‍സ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്), ഗള്‍ഫ് ജയന്റ്‌സ്, ഷാര്‍ജ വാറിയേഴ്‌സ്, ഡെസേര്‍ട്ട് വൈപ്പേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റിലെ ടീമുകള്‍.
‘ഐ.എല്‍. ടി-20 താരലേലത്തില്‍ ഞാന്‍ എന്റെ പേരും അയച്ചിട്ടുണ്ട്. ലേലത്തില്‍ ഏതെങ്കിലും ടീം എന്നെ വാങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ക്രിക്ബസ്സിനോട് അശ്വിന്‍ പറഞ്ഞു.
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ ഐ.എല്‍ ടി-20 കളിച്ചിട്ടുള്ളത്. റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും ദുബായ് ക്യാപ്പിറ്റല്‍സിനായും അംബാട്ടി റായിഡു എം.ഐ എമിറേറ്റ്‌സിനും വേണ്ടിയാണ് കളത്തിലിറങ്ങിയത്.
16 വര്‍ഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പടിയിറങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് താരം ഐ.പി.എല്‍ കരിയറിന് അന്ത്യം കുറിച്ചത്.
ഐ.പി.എല്ലില്‍ താരം 187 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലീഗിന്റെ ചരിത്രത്തിന്റെ അഞ്ചാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരാണ് 38കാരന്‍.ബൗളിങ്ങിന് പുറമെ, ബാറ്റിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 16 സീസണുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 833 റണ്‍സും നേടിയിട്ടുണ്ട്.
അഞ്ച് ടീമുകള്‍ക്കായി കളത്തിലിറങ്ങിയാണ് താരം ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2009ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ അരങ്ങേറ്റം കുറിച്ച താരം അതേ ടീമിലൂടെ തന്നെയാണ് പടിയിറങ്ങുന്നതും. ഇതിനിടയില്‍ പൂനെ വാറിയേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കൊപ്പം അശ്വിന്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
Content Highlight: R Ashwin signs up for ILT20 auction after announcing IPL retirement