| Saturday, 30th August 2025, 2:16 pm

എന്റെ ഏറ്റവും പ്രിയപ്പെട്ട ഐ.പി.എല്‍ ഓര്‍മയിത്; മനസ് തുറന്ന് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിന്റെ താര ലേലം ലൈവായി കണ്ടതാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മയെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ടി.വിയില്‍ താരങ്ങളെ വില്‍ക്കുന്നത് കണ്ടപ്പോള്‍ അത് കണ്ണ് തുറപ്പിച്ചെന്നും താന്‍ കണ്ടിട്ടുളളതില്‍ ഏറ്റവും ആവേശകരമായ ഒന്നാണ് താരലേലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ആദ്യ ഐ.പി.എല്‍ താര ലേലം കണ്ടതാണ് എന്റെ പ്രിയപ്പെട്ട ഓര്‍മ. താരങ്ങളെ വില്‍ക്കുന്നത് ടി.വിയില്‍ കണ്ടപ്പോള്‍ അതെന്റെ കണ്ണ് തുറപ്പിച്ചു. അതൊരു കൗതുകകരമായ ഒരു അനുഭവമായിരുന്നു. ഐ.പി.എല്‍ താരലേലമാണ് ഞാന്‍ കളിയില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ആവേശകരമായ കാര്യം.

ഇത് കൊണ്ടുവന്നതില്‍ എനിക്ക് ബി.സി.സി.ഐയോടും ഐ.പി.എല്ലിനോടും അതിയായ ബഹുമാനമുണ്ട്. ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ ആശയങ്ങളില്‍ ഒന്നാണിത്. ലേലത്തിലൂടെ ലോക ശ്രദ്ധ പിടിച്ച് പറ്റാന്‍ ഈ ടൂര്‍ണമെന്റിനായി,’ അശ്വിന്‍ പറഞ്ഞു.

ഓഗസ്റ്റ് 27നാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐ.പി.എല്‍ കളിക്കാരന്‍ എന്ന നിലയിലുള്ള തന്റെ സമയം കഴിഞ്ഞെന്നും മറ്റ് ലീഗുകളിലേക്കുള്ള യാത്ര തുടങ്ങുകയാണെന്നും പറഞ്ഞായിരുന്നു താരം പടിയിറക്കം അറിയിച്ചത്. 16 വര്‍ഷത്തെ കരിയറിന് അന്ത്യം കുറിച്ചാണ് താരം ഈ ടൂര്‍ണമെന്റിനോട് വിട പറയുന്നത്.

ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് താരം ഐ.പി.എല്‍ കരിയറിന് വിരാമമിട്ടത്. സി.എസ്. കെയിലൂടെ അരങ്ങേറ്റം കുറിച്ച താരം 187 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സി.എസ്.കെയ്ക്ക് പുറമെ, പൂനെ വാരിയേഴ്സ്, പഞ്ചാബ് കിങ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കുമായി താരം കളിച്ചിട്ടുണ്ട്.

Content Highlight: R Ashwin says watching player auction 2008  season is his favorite in IPL

We use cookies to give you the best possible experience. Learn more