| Tuesday, 26th August 2025, 1:56 pm

കോഹ്‌ലിയുടെ ടെസ്റ്റ് റണ്ണിൽ വലിയൊരു പങ്കും അവന് കടപ്പെട്ടത്: ആർ. അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലുള്ള ചേതേശ്വര്‍ പൂജാരയുടെ സംഭാവനകള്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടേതിനേയും സമാനമാണെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ടെസ്റ്റില്‍ കോഹ്‌ലി ഒരുപാട് റണ്‍സ് നേടിയതില്‍ പൂജാരയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ പൂജാര എന്താണ്? വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും സംഭാവനയെക്കാള്‍ ഒട്ടും കുറവല്ല അവന്റേത്. പക്ഷേ, അവര്‍ക്ക് കിട്ടുന്നത്ര ശ്രദ്ധ പൂജാരയ്ക്ക് കിട്ടിയിട്ടില്ല.

അതിനര്‍ത്ഥം, അവന്റെ സംഭാവന മികച്ചതല്ല എന്നല്ല. മൂന്നാം നമ്പറിലെ പൂജാരയുടെ പ്രകടനം വിരാട് കോഹ്‌ലിയെ നിരവധി റണ്‍സ് നേടുന്നതില്‍ സഹായിച്ചിട്ടുണ്ട്,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ചേതേശ്വര്‍ പൂജാര കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഏറെ കാലം താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ നെടും തൂണായിരുന്നു. പലപ്പോഴും എതിര്‍ ടീമുകളെ പ്രതിരോധത്തിലാക്കി സൗരാഷ്ട്ര താരം ക്രീസില്‍ ഉറച്ച് നിന്ന് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി.

പൂജാര ഇന്ത്യയ്ക്കായി ഈ ഫോര്‍മാറ്റില്‍ 103 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ താരം 7,195 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 43.60 എന്ന മികച്ച ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്തത്. കൂടാതെ, താരത്തിന് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമുണ്ട്.

അതോടൊപ്പം വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്ത് ഇന്ത്യന്‍ മധ്യനിരയില്‍ താരം കരുത്തേകുകയും ചെയ്തു. ഇരുവരും 42.4 ശരാശരിയില്‍ 3438 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇതില്‍ ഏഴ് സെഞ്ച്വറി കൂട്ടുകെട്ടും 17 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും ഉള്‍പ്പെടുന്നു. ഈ ജോഡി രണ്ട് തവണ 200 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: R. Ashwin says Virat Kohli owes many of his test runs to Cheteshwar Pujara

We use cookies to give you the best possible experience. Learn more