| Monday, 28th September 2026, 8:40 pm

സച്ചിന് ഇളവുകള്‍ നല്‍കിയെങ്കില്‍ എന്തുകൊണ്ട് വിരാടിനും രോഹിത്തിനും നല്‍കാനാകില്ല; സെലക്ടര്‍മാരോട് ചോദ്യവുമായി ഇതിഹാസം

ആദർശ് എം.കെ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇടം പിടിക്കുമോ എന്ന ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്.

39കാരനായ രോഹിത്തും 37കാരനായ വിരാട് കോഹ്‌ലിയും നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇവരുടെ ഭാവി എന്താകുമെന്നാണ് ആരാധകരുടെ ചോദ്യം.

Photo: BCCI/x.com

വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ ആര്‍. അശ്വിന്‍. ഇരുവര്‍ക്കും അവസരം നിഷേധിക്കാന്‍ കോച്ചിനോ സെലക്ടര്‍മാര്‍ക്കോ വ്യക്തമായ കാരണങ്ങളില്ലെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ടീമിന് അനുയോജ്യരല്ലെന്ന് കോച്ച് ഗൗതം ഗംഭീറും സെലക്ടര്‍മാരും കരുതുന്നുവെങ്കില്‍, അത് കൃത്യമായ ഡാറ്റയും യോഗ്യതകളും വെച്ച് തെളിയിക്കേണ്ടതുണ്ട്.

രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കപ്പെടുകയും ഫോമില്‍ ചെറിയ ഇടിവ് സംഭവിക്കുകയും ചെയ്ത ഒരു ഘട്ടമുണ്ടായിരുന്നു. ആ സമയത്താണ് ഈ വിഷയം ഉയര്‍ന്നതെങ്കില്‍ അതില്‍ ന്യായമുണ്ടായിരുന്നു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ കളിക്കാരുമായി ഈ വിഷയം കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തിരിക്കണം.

വിരാടിന്റെ കാര്യത്തില്‍ ഈ വിഷയം പോലും ഉയര്‍ത്താന്‍ പാടില്ലാത്തതാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി മാത്രം നോക്കൂ. 2025ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം, അവരുടെ കഴിവും മെറിറ്റും മുന്‍നിര്‍ത്തി അടുത്ത 24 മാസത്തേക്ക് വിരാടും രോഹിതും പ്ലാനുകളില്‍ ഉണ്ടായിരിക്കണം.

Photo: BCCI/x.com

ലോകകപ്പ് വരെ അവരെ ഫിറ്റായും നല്ല ഫോമിലും നിലനിര്‍ത്തുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. സച്ചിനെപ്പോലുള്ള ഇതിഹാസങ്ങള്‍ക്ക് നമ്മള്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, വിരാടും രോഹിതും അതില്‍ നിന്ന് വ്യത്യസ്തരല്ല. അവരെ പുറത്താക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല,’ അശ്വിന്‍ പറഞ്ഞു.

Photo: BCCI/x.com

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് സെഞ്ച്വറിയടിച്ച് തിളങ്ങിയിരുന്നു. മത്സരത്തില്‍ 35 പന്തില്‍ 32 റണ്ണാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ഇതിന് മുമ്പ് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിത്തും ക്ലാസ് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 30നാണ് പരമ്പരയിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരം. ഗുവാഹത്തിയാണ് വേദി.

Content Highlight: R. Ashwin says Virat Kohli and Rohit Sharma should be part of the 2027 World Cup plans.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more