2026 ടി – 20 ലോകകപ്പിൽ സഹ ആതിഥേയരും മുൻ ചാമ്പ്യന്മാരുമായ ശ്രീലങ്കൻ ടീമിന് സെമി ഫൈനലിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് സ്പിൻ ഇതിഹാസം ആർ. അശ്വിൻ. ലങ്കൻ ടീം സെമി ഫൈനലിൽ പ്രവേശിച്ചാൽ അത് അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റേൺ ടീമിന് എതിരെ ഒരു മത്സരം ജയിക്കാൻ കഴിഞ്ഞാൽ ആദ്യ നാലിൽ എത്താൻ ലങ്കൻ ടീമിന് സാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.
ആർ. അശ്വിൻ. Photo: Johns/x.com
‘ആദ്യ നാലിൽ ഇടം പിടിക്കാൻ ശ്രീലങ്കയ്ക്ക് ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവർ സെമി ഫൈനലിൽ എത്തുമെന്ന് തോന്നുന്നില്ല. മറിച്ച് സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടും.
ലങ്കൻ ടീമിനെ ഞാൻ പൂർണമായി തള്ളിക്കളയില്ല. ഒരു വെസ്റ്റേൺ ടീമിന് എതിരെ ഒരു പ്രധാന മത്സരം ജയിക്കാൻ സാധിച്ചാൽ അവർക്ക് ഒരു ചെറിയൊരു പ്രതീക്ഷ വെക്കാം,’ അശ്വിൻ പറഞ്ഞു.
2014ൽ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീം അടുത്ത കാലത്തായി ടി – 20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ അല്ല നടത്തുന്നത്. ഈ ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് എതിരെ നടന്ന പരമ്പരയിൽ ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്.
അതേസമയം, 2026 ടി – 20 ലോകകപ്പിന് ലങ്ക ഗ്രൂപ്പ് ബിയിലാണ്. ഓസ്ട്രേലിയ, അയർലാൻഡ്, ഒമാൻ, സിംബാബ്‌വെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ശ്രീലങ്കൻ ടീം. Photo: Lankan Cricket/x.com
ദസുൻ ഷനകയ്ക്ക് കീഴിലാണ് ശ്രീലങ്ക ടൂർണമെന്റിന് ഒരുങ്ങുന്നത്. ടൂർണമെന്റിലെ ടീമിന്റെ ആദ്യ മത്സരം ഫെബ്രുവരി എട്ടിനാണ്. അയർലാൻഡാണ് ഈ മത്സരത്തിലെ ലങ്കയുടെ എതിരാളികൾ.
ദസുൻ ഷനക (ക്യാപ്റ്റൻ), പാതും നിസങ്ക, കാമിൽ മിഷാര, കുശാൽ മെൻഡിസ്, കമിന്ദു മെൻഡിസ്, കുശാൽ ജനിത് പെരേര, ചരിത് അസലങ്ക, ജനിത് ലിയാനഗെ, പവൻ രത്നായകെ, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ഈശൻ മലിങ്ക
Content Highlight: R. Ashwin says that that it is difficult that co – host Srilanka to qualify to semi final of T20 World Cup