| Sunday, 22nd March 2026, 8:05 am

അടുത്ത രണ്ട് വര്‍ഷത്തില്‍ ആര്‍.സി.ബി വീണ്ടും കപ്പുയര്‍ത്തും; പ്രവചനവുമായി സ്പിന്‍ ഇതിഹാസം

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും കപ്പുയര്‍ത്തിയേക്കുമെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഐ.പി.എല്‍ നേടുന്നത് എളുപ്പമല്ലെങ്കിലും ആര്‍.സി.ബിക്ക് അതിശക്തമായ ടീമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.സി.ബി തങ്ങളുടെ പോരായ്മകള്‍ പരിഹരിച്ച്, കൃത്യമായ പകരക്കാരെ ടീമിലെത്തിച്ചാണ് ഇത്തവണ ഇറങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആര്‍. അശ്വിന്‍.  Photo: Crickettimes

‘ഈ ടീം വെച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആര്‍.സി.ബി മറ്റൊരു കിരീടം കൂടി സ്വന്തമാക്കിയേക്കും. ഐ.പി.എല്‍ വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, അവരുടെ ടീമിപ്പോള്‍ അതിശക്തമാണ്.

ആര്‍.സി.ബി ഓരോ താരത്തിനും കൃത്യമായ പകരക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്. ടീമിലെ പോരായ്മകളെല്ലാം അവര്‍ ഇതിനകം പരിഹരിച്ചു. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താന്‍ പോന്ന മികച്ചൊരു പാക്കേജാണ് ഈ ടീം,’ അശ്വിന്‍ പറഞ്ഞു.

2025 ഐ.പി.എല്ലില്‍ ആര്‍.സി.ബി കന്നി കിരീടം സ്വന്തമാക്കിയിരുന്നു. 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും വിട നല്‍കിയായിരുന്നു ടീം ചാമ്പ്യന്മാരായത്. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദാര്‍ തന്റെ ടീമിനെ കിരീടമണിയിച്ചത്.

2025 ഐ.പി.എൽ ട്രോഫിയുമായി ആർ.സി.ബി താരങ്ങൾ. Photo: Indian Premier League/x.com

ആ സീസണിന് മുന്നോടിയായി ആര്‍.സി.ബി ടീമില്‍ നടത്തിയ അഴിച്ചുപണിയായിരുന്നു ഈ കിരീടനേട്ടത്തിലേക്ക് നയിച്ചത്. ലേലത്തിന് മുമ്പ് വെറും മൂന്ന് താരങ്ങളെ മാത്രമേ ടീം നിലനിര്‍ത്തിയിരുന്നുള്ളൂ. ലേലത്തിലാകട്ടെ വമ്പന്‍ താരങ്ങള്‍ക്ക് പിന്നാലെ പോകാതെ ടീമിന് ആവശ്യമായ താരങ്ങളെ തട്ടകത്തിലെത്തിക്കുകയും ചെയ്തു.

ഇതിന് പുറമെ, പാടിദാറിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. ഈ മാറ്റങ്ങളാണ് ആര്‍.സി.ബി കന്നി കിരീടം സമ്മാനിച്ചത്. ഇപ്പോള്‍ അടുത്ത സീസണ്‍ തുടങ്ങാനിരിക്കെ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളില്‍ മുന്‍പന്തിയില്‍ ആര്‍.സി.ബിയാണ്.

അതേസമയം, മാര്‍ച്ച് 28നാണ് ഐ.പി.എല്‍ 2026 തുടക്കമാവുന്നത്. ആര്‍.സി.ബിയും സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: R. Ashwin says that RCB can add another title in the next two years with this squad

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more