| Tuesday, 24th March 2026, 8:30 pm

അവര്‍ തമ്മില്‍ ചേട്ടന്‍-അനിയന്‍ ബന്ധം; പഞ്ചാബ് ക്യാപ്റ്റനെയും ഇതിഹാസത്തെയും കുറിച്ച് അശ്വിന്‍

ആദർശ് എം.കെ.

പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മില്‍ ചേട്ടന്‍-അനുജന്‍ ബന്ധമാണെന്ന് ഇന്ത്യന്‍ ഇതിഹാസതാരം ആര്‍. അശ്വിന്‍. റിക്കി പോണ്ടിങ്ങില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് ഏറെ താത്പര്യമുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍. അശ്വിന്‍

‘ശ്രേയസ് കുറച്ച് ശാന്തനായ വ്യക്തിയാണ്. റിക്കി പോണ്ടിങ്ങില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ എല്ലാം ശ്രദ്ധിക്കുന്നു. അവര്‍ക്കിടയില്‍ ചേട്ടന്‍-അനുജന്‍ ബന്ധം പോലെയാണ്.

റിക്കി പോണ്ടിങ് എല്ലായ്‌പ്പോഴും തന്നെ പിന്തുണയ്ക്കുമെന്ന് ശ്രേയസിന് അറിയാം. റിക്കി മികച്ച റിക്രൂട്ട്‌മെന്റുകള്‍ നടത്തുകയും ടീമിനെ മികച്ച രീതിയില്‍ മാനേജ് ചെയ്യുകയും ചെയ്യുന്നു.

ശ്രേയസും പോണ്ടിങ്ങും

ഇത് ശ്രേയസില്‍ നിന്നും വലിയ ഒരു ഭാരം ഇറക്കി വെക്കുന്നത് പോലെയാണ്. ഇത് അവനെ കൂടുതല്‍ മികച്ച രീതിയില്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കുക മാത്രമല്ല, ക്യാപ്റ്റന്‍സിയിലും ഏറെ സഹായിക്കുന്നു. നമുക്ക് ഇതെല്ലാം വ്യക്തമായി തന്നെ കാണാം, അവര്‍ ഒരു മികച്ച കോമ്പിനേഷനാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ അശ്വിന്‍ പറഞ്ഞു.

ഐപിഎല്‍ 2026-ല്‍ പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്നും അശ്വിന്‍ പ്രവചിക്കുന്നു.

നേഹല്‍ വധേര, പ്രിയാന്‍ഷ് ആര്യ തുടങ്ങിയ യുവതാരങ്ങള്‍ ഇനിയും അനുഭവപരിചയം നേടാനുണ്ടെന്നതും മാര്‍കസ് സ്റ്റോയിനിസിന്റെ ഫോമും തുടക്കത്തില്‍ വെല്ലുവിളിയായേക്കാമെന്നും അശ്വിന്‍ നിരീക്ഷിച്ചു.

എന്നിരുന്നാലും, സീസണിന്റെ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവരാന്‍ പഞ്ചാബിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യരിന് കീഴില്‍ പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളരൂരുവിനോട് പരാജയപ്പെട്ടു.

കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാന്‍ തന്നെയാണ് പഞ്ചാബ് കിങ്‌സ് ഒരുങ്ങുന്നത്.

സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് പഞ്ചാബ് കിങ്സിന് ആദ്യം നേരിടാനുള്ളത്. മാര്‍ച്ച് 31ന് നടക്കുന്ന പോരാട്ടത്തിന് സ്വന്തം തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്.

Content Highlight: R. Ashwin says Shreyas Iyer and Ricky Ponting have a brother-sister relationship

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more