സഞ്ജു സാംസണും ആര്‍. അശ്വിനുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഇരുവരും തങ്ങളുടെ ഐ.പി.എല്‍ ടീമുകള്‍ വിടാന്‍ താത്പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് വഴി വെച്ചത്. ഇതിന് പിന്നാലെ അശ്വിനുമായി സഞ്ജുവിന്റെ അഭിമുഖത്തിന്റെ ടീസർ എത്തിയതും ക്രിക്കറ്റ് പ്രേമികള്‍ ഏറെ ശ്രദ്ധയോടെയാണ് കണ്ടത്.
തങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ച് ഇരുവരും അശ്വിന്റെ യൂട്യൂബ് ചാനലിലെ കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന പരിപാടിയില്‍ സംസാരിക്കുന്നുണ്ട്. അതോടെയാണ് ഈ അഭിമുഖത്തിന് ഏറെ ശ്രദ്ധ ലഭിച്ചത്.
അഭിമുഖത്തില്‍ ഇരുവരും ടീമുകള്‍ വിടുന്നുവെന്ന റിപ്പോര്‍ട്ടിന് ഒരുപാട് ലയറുണ്ടെന്നും അത് സങ്കീര്‍ണമാണെന്നും അശ്വിന്‍ പറഞ്ഞു. സഞ്ജുവിന്റെ ടീം മാറ്റവുമായുള്ള വാര്‍ത്തകള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന് മാത്രമേ ഉത്തരം പറയാന്‍ കഴിയുകയുള്ളൂവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മൂന്ന് വര്‍ഷം ആര്‍.ആറിനു വേണ്ടി കളിച്ചപ്പോള്‍ ഓരോ വര്‍ഷവും എന്റെ പ്രകടനത്തെ കുറിച്ചും എന്നിലുള്ള പ്രതീക്ഷകളെ കുറിച്ചും സി.ഇ.ഒയില്‍ നിന്ന് എനിക്ക് ഒരു മെയില്‍ ലഭിച്ചിരുന്നു. ഇതിലൂടെ അവര്‍ എന്റെ കരാര്‍ പുതുക്കുകയാണെന്ന് എന്റെ അറിയിക്കുകയാണ്.
അതുകൊണ്ട് ഓരോ സീസണ്‍ കഴിയുമ്പോഴും, കളിക്കാരനെ നിലനിര്‍ത്തുന്നുണ്ടോയെന്ന് അവരെ അറിയിക്കേണ്ടത് ഫ്രാഞ്ചൈസിയുടെ ഉത്തരവാദിത്തമാണ്,’ അശ്വിന്‍ പറഞ്ഞു.
ടീം മാനേജ്‌മെന്റിനോട് എല്ലാ താരങ്ങള്‍ക്കും തങ്ങളുടെ ഭാവിയെ കുറിച്ച് വ്യക്തത തേടാമെന്നും തുടരാന്‍ താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്ന് പ്രകടിപ്പിക്കുകയും ചെയ്യാമെന്നും അശ്വിന്‍ പറഞ്ഞു. അതുകൊണ്ട് എന്റെ കൈയില്‍ ഒരു വിവരവുമില്ല.
സഞ്ജുവിന്റെ കാര്യത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ താരത്തിന്റെ ഭാഗത്ത് നിന്നല്ല മറിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗത്തു നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് വ്യക്തിപരമായ കാര്യമായതിനാല്‍ ഞാന്‍ സഞ്ജുവിനോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടില്ല. ഇനി ചോദിച്ചിരുന്നെങ്കിലും ഉത്തരം ലഭിക്കുമായിരുന്നില്ല. കാരണം അതിന് ഒരുപാട് ലയറുണ്ട്. രാജസ്ഥാന് സഞ്ജുവിനോട് പോകണോ വേണ്ടയോ എന്ന ചോദിച്ചേക്കാം. ഒരു താരത്തിന് അവരുടേതായ ചോയ്സുണ്ട്. ഒരാള്‍ക്ക് പോകണമെന്ന് തോന്നിയാല്‍ ആരും തടയില്ല,’ അശ്വിന്‍ പറഞ്ഞു.
Content Highlight: R Ashwin says that Sanju Samson related trade news is Complex and Rajasthan Royals can only answer it