| Thursday, 26th March 2026, 8:45 pm

ലോകകപ്പിന്റെ താരമായ സഞ്ജുവല്ല, സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച ബാറ്ററെ തെരഞ്ഞെടുത്ത് അശ്വിന്‍

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന താരത്തെ തെരഞ്ഞെടുത്ത് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. ഈ സീസണില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദായിരിക്കും സീസണില്‍ തിളങ്ങുക എന്നാണ് അശ്വിന്‍ പറയുന്നത്.

സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കിലും, വരാനിരിക്കുന്ന സീസണില്‍ സി.എസ്.കെയുടെ ഏറ്റവും മികച്ച ബാറ്റര്‍ ഗെയ്ക്വാദ് ആയിരിക്കുമെന്നാണ് അശ്വിന്റെ അഭിപ്രായം.

ആര്‍. അശ്വിന്‍

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഋതുരാജ് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാനാണ് സാധ്യതയെന്നും ക്രീസില്‍ നിലയുറപ്പിച്ച് വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അശ്വിന്‍ പറഞ്ഞു.

ഋതുരാജ് ഗെയ്‌ക്‌വാദ്

‘മികച്ച ബാറ്റര്‍ – അത് ഋതുരാജാണ്. എനിക്ക് തോന്നുന്നത് അവന്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുമെന്നാണ്. അവസാനം വരെ കളിക്കുക എന്നതായിരിക്കും അവന്റെ റോള്‍.

അവന്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുകയും മറ്റുള്ളവര്‍ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്യുമെന്നുമായിരിക്കും അവന്റെ പദ്ധതികള്‍. തുകൊണ്ടാണ് അവന്‍ ഒരുപാട് റണ്‍സ് നേടുമെന്ന് എനിക്ക് തോന്നുന്നത്,’ അശ്വിന്‍ പറഞ്ഞു.

മികച്ച ഫോമിലാണ് ഗെയ്ക്വാദ് ടൂര്‍ണമെന്റിനെത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 82.60 ശരാശരിയില്‍ 413 റണ്‍സ് നേടി ഗെയ്ക്വാദ് കരുത്തുകാട്ടിയിരുന്നു.

ഋതുരാജ് ഗെയ്‌ക്‌വാദ്,

കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് അഞ്ച് മത്സരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാനായുള്ളൂ എങ്കിലും ഇത്തവണ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ഉറപ്പാണ്

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന സൂപ്പര്‍ കിങ്‌സിന് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് അശ്വിന്‍ കരുതുന്നു

ടോപ് ത്രീ ബാറ്റര്‍മാരില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും 500ലധികം റണ്‍സ് വീതം നേടുകയാണെങ്കില്‍ ടീമിന് ആദ്യ നാലില്‍ എത്താന്‍ സാധിക്കുമെന്നാണ് അശ്വിന്‍ കണക്കുകൂട്ടുന്നത്. ബൗളിംഗ് നിര കടലാസില്‍ കരുത്തരല്ലെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാന്‍ അവര്‍ക്ക് സാധിക്കുമെന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഇത്തവണ പ്ലേ ഓഫ് യോഗ്യത നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നായും അശ്വിന്‍ സൂപ്പര്‍ കിങ്‌സിനെ വിലയിരുത്തുന്നുണ്ട്.

മാര്‍ച്ച് 30നാണ് സൂപ്പര്‍ കിങ്‌സ് സീസണിലെ ആദ്യ മത്സരത്തിനിങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

Content Highlight: R Ashwin says Ruturaj Gaikwad is the best batter of CSK

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more