പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ശുഭ്മന്‍ ഗില്ലും സംഘവും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിടേണ്ടി വന്നത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 471 & 364
ഇംഗ്ലണ്ട്: 465 & 373/5 (T: 371)
മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും സൂപ്പര്‍ താരം റിഷബ് പന്ത് സെഞ്ച്വറി നേടിയിരുന്നു. വൈസ് ക്യാപ്റ്റന്റെ രണ്ട് സെഞ്ച്വറികളടക്കം അഞ്ച് വ്യത്യസ്ത സെഞ്ച്വറികള്‍ ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. എന്നിട്ടും ടീം പരാജയപ്പെട്ടു.
ഇംഗ്ലണ്ടിനെതിരെ റിഷബ് പന്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ മുന്‍ നായകന്‍ ധോണിയുമായി ആരാധകര്‍ താരതമ്യം ചെയ്തിരുന്നു. ടെസ്റ്റില്‍ ധോണിയേക്കാള്‍ മികച്ചത് പന്ത് ആണെന്നാണ് ഇവര്‍ പറഞ്ഞത്.
എന്നാല്‍ ധോണിയെയും റിഷബ് പന്തിനെയും ഒരിക്കലും താരതമ്യം ചെയ്യരുത് എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. ധോണി ഒരിക്കല്‍പ്പോലും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നില്ലെന്നും ഈ താരതമ്യം തെറ്റാണെന്നും അശ്വിന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇത് തീര്‍ത്തും തെറ്റായ താരതമ്യമാണ്. ധോണി ഒരിക്കല്‍പ്പോലും അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടില്ല. ധോണി ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ആണെന്ന് ഞാന്‍ പറയും. എന്നാല്‍ റിഷബ് പന്ത് ഒരു ബാറ്റര്‍-വിക്കറ്റ് കീപ്പറാണ്. പന്തിനെ വിരാട് കോഹ് ലിയോടും മറ്റ് ബാറ്റര്‍മാര്‍ക്കുമൊപ്പമാണ് താരതമ്യം ചെയ്യേണ്ടത്. അവനൊരു മെയ്ന്‍സ്ട്രീം ബാറ്ററാണ്,’ അശ്വിന്‍ പറഞ്ഞു.
അതേസമയം, ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമല്ല.
ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്. ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും ജയിക്കാന്‍ സാധിക്കാത്ത വേദിയാണിത്.
എട്ട് തവണയാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കളത്തിലിറങ്ങിയത്. ഏഴ് തവണയും പരാജയപ്പെട്ടു, ഇതില്‍ മൂന്നും ഇന്നിങ്‌സ് തോല്‍വികള്‍. 1986ല്‍ സമനില നേടിയതാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
1967 – പരാജയം – 132 റണ്‍സ്
1974 – പരാജയം – ഇന്നിങ്‌സിനും 78 റണ്‍സിനും
1979 – പരാജയം – ഇന്നിങ്‌സിനും 83 റണ്‍സിനും
1986 – സമനില
1996 – പരാജയം – എട്ട് വിക്കറ്റ്
2011 – പരാജയം – ഇന്നിങ്‌സിനും 242 റണ്‍സിനും
2018 – പരാജയം – 31 റണ്‍സ്
2022 – പരാജയം – ഏഴ് വിക്കറ്റ്
ഒടുവില്‍ നടന്ന മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോുടെയും ജോ റൂട്ടിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്സില്‍ 132 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.
Content Highlight: R Ashwin says Rishabh Pant should be compared with Virat Kohli, not Dhoni