| Wednesday, 6th May 2026, 2:40 pm

ധോണി കളിക്കുന്നത് കാണണമെങ്കില്‍ അടുത്ത രണ്ട് കളിയില്‍ ചെന്നൈ തോല്‍ക്കണം; തുറന്ന് പറഞ്ഞ് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതിഹാസ താരം എം.എസ്. ധോണി ഇനി കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ താരം ആര്‍. അശ്വിന്‍. ചെന്നൈയ്ക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യതയുണ്ടെന്നും ധോണി തിരിച്ചുവരികയാണെങ്കില്‍ ചെന്നൈയുടെ ഇപ്പോഴുള്ള കോംബിനേഷന്‍ തകിടം മറിയുമെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല അടുത്ത മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സി.എസ്.കെ തോറ്റ് പ്ലേഓഫ് സാധ്യത ഇല്ലാതായാല്‍ അദ്ദേഹത്തിന് ചെന്നൈയില്‍ ഒരു വിടവാങ്ങല്‍ മത്സരം ലഭിച്ചേക്കാമെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

എം.എസ്. ധോണി പരിശീലനത്തിനിടയില്‍

‘ധോണി വീണ്ടും കളിക്കുന്നത് കണാന്‍ കഴിഞ്ഞേക്കില്ല! മറ്റൊരാളെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആളല്ല. ഇതാണ് അയാള്‍ക്ക് ഘട്ടം ഘട്ടമായി പുറത്തുകടക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന് എനിക്ക് എങ്ങനെ പറയാന്‍ കഴിയും? അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.

ഇപ്പോള്‍ ധോണിയുടെ തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നുന്നു, കാരണം സി.എസ്.കെയ്ക്ക് ഇപ്പോഴും പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. ഇപ്പോള്‍ അവരുടെ കോമ്പിനേഷന്‍ മാറ്റേണ്ടിവന്നാല്‍ അത് എല്ലാം തകിടം മറിക്കും.

അതിനാല്‍ ധോണി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഞാന്‍ കരുതുന്നു. അടുത്ത മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ അവര്‍ തോറ്റാല്‍ (പ്ലേഓഫ് സാധ്യത ഇല്ലാതായാല്‍), അദ്ദേഹത്തിന് ചെന്നൈയില്‍ ഒരു വിടവാങ്ങല്‍ മത്സരം ലഭിച്ചേക്കാം. അതൊരു സാധ്യതയാണ്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

എം.എസ്. ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തേയും മികച്ച താരമാണ് ധോണി. കരിയറിന്റെ അവസാന ഘട്ടത്തോട് അടുത്ത ധോണി സീസണില്‍ ടീമിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്ക് മൂലമാണ് താരം കളത്തിലിറങ്ങാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചെന്നൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത താരമാണ് ധോണി.

നിലവില്‍ ചെന്നൈയ്ക്ക് വേണ്ടി 278 മത്സരങ്ങള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 38.30 ആവറേജിലാണ് താരം ബാറ്റ് വീശിയത്. 24 അര്‍ധ സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജു സാംസണിനെ കണക്കാക്കുന്നത്.

മെയ് 10ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: R. Ashwin says MS Dhoni is unlikely to play for Chennai anymore

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more