| Monday, 28th September 2026, 10:40 pm

ചാമ്പ്യന്‍ താരം, അവനില്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പിന് പോകാനാകില്ല; വിരാടുമല്ല ഗില്ലുമല്ല, സൂപ്പര്‍ താരത്തെ പ്രശംസിച്ച് അശ്വിന്‍

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം കുല്‍ദീപ് യാദവിനെ പ്രശംസിച്ച് മുന്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍.

കുല്‍ദീപ് ഒരു ചാമ്പ്യന്‍ സ്പിന്നറാണെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കുല്‍ദീപ് നിശ്ചയമായും ടീമിനൊപ്പമുണ്ടാകണമെന്നും അശ്വിന്‍ പറഞ്ഞു.

ആര്‍. അശ്വിന്‍.

തന്റെ യൂട്യൂബ് ചാനലായ ‘അഷ് കി ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘നാല് വിക്കറ്റുകള്‍ എടുത്തത് മാറ്റിനിര്‍ത്തൂ. ഇതൊരു തിരിച്ചുവരവാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊന്നുമല്ല, ഏകദേശം 200ഓളം വിക്കറ്റുകള്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഒരു ചാമ്പ്യന്‍ സ്പിന്നറാണ്, അദ്ദേഹമില്ലാതെ നമുക്ക് ദക്ഷിണാഫ്രിക്കയിലേക്ക് (2027 ലോകകപ്പ്) പോകാന്‍ കഴിയില്ല.

കുൽദീപ് യാദവ്. Photo: BCCI/x.com

അദ്ദേഹം നേരത്തെയും മികച്ചൊരു ബൗളറായിരുന്നു, ഇപ്പോഴും മികച്ചൊരു ബൗളറാണ്, ഇനിയും അത് തുടരും. മറിച്ചുള്ള ഒരു അഭിപ്രായത്തോടും ഞാന്‍ യോജിക്കില്ല. ഈ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് കുല്‍ദീപ് യാദവിന്റെ കഴിവിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവില്ല,’ അശ്വിന്‍ പറഞ്ഞു.

2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ഒന്നാം നമ്പര്‍ സ്പിന്നറായി കുല്‍ദീപ് യാദവ് വേണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു.

122 ഏകദിന മത്സരങ്ങളില്‍ നിന്നായി 5.06 എക്കോണമിയില്‍ 198 വിക്കറ്റുകളാണ് കുല്‍ദീപ് ഇതുവരെ വീഴ്ത്തിയിട്ടുള്ളത്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സീരീസ് ഓപ്പണറില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് ഗില്‍ തിളങ്ങിയത്. നായകന്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ വിരാട് കോഹ്ലിയും മാച്ച് വിന്നിങ് സെഞ്ച്വറികള്‍ നേടിയ മത്സരത്തിലാണ് കുല്‍ദീപ് കളിയിലെ താരമായത് എന്നതും ശ്രദ്ധേയമാണ്.

പത്ത് ഓവര്‍ പന്തെറിഞ്ഞ് 40 റണ്‍സിന് നാല് വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

135 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി കുതിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ് – ജോണ്‍ കാംബെല്‍ കൂട്ടുകെട്ട് തകര്‍ത്താണ് കുല്‍ദീപ് വേട്ടയാരംഭിച്ചത്. 60 പന്തില്‍ 62 റണ്‍സ് നേടിയ കാംബെല്ലിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചാണ് കുല്‍ദീപ് മടക്കിയത്.

അപകടകാരിയായ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെയും (11 പന്തില്‍ 12) ജുവല്‍ ആന്‍ഡ്രൂവിനെയും (ഗോള്‍ഡന്‍ ഡക്ക്) അടുത്തടുത്ത പന്തുകളില്‍ മടക്കിയ കുല്‍ദീപ് സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായ ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ (108 പന്തില്‍ 101) വിക്കറ്റും വീഴ്ത്തിയിരുന്നു.

Content Highlight: R. Ashwin says Kuldeep Yadav must definitely be in the team for the 2027 ODI World Cup.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more