| Thursday, 16th January 2025, 5:26 pm

അവന്‍ കളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ ഉറപ്പായും ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുമായിരുന്നു; തുറന്നടിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യത്തിനൊടുവിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് രോഹിത് ശര്‍മയും സംഘവും പരാജയപ്പെട്ടത്. 2014-15 സീസണിന് ശേഷം ആദ്യം ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്‌കോട് ബോളണ്ടിന്റെ പ്രകടനമാണ് പരമ്പരയില്‍ നിര്‍ണായകമായതെന്ന് നിരീക്ഷിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നറും ഇതിഹാസ താരവുമായ ആര്‍. അശ്വിന്‍. ബോളണ്ട് ഓസ്‌ട്രേലിയന്‍ ടീമില്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധിക്കുമായിരുന്നു എന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

‘ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സംബന്ധിച്ച് ഈ പരമ്പര വളരെ മികച്ചതാണെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇടം കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അദ്ദേഹം താളം കണ്ടെത്താന്‍ പാടുപെട്ടു.

സ്‌കോട്ട് ബോളണ്ടിനെ പോലെ ഒരു താരം പകരക്കാരനായി ഉണ്ടായിരുന്നു എന്നത് ഓസ്‌ട്രേലിയയുടെ ഭാഗ്യമായിരുന്നു. ഒരുപക്ഷേ സ്‌കോട്ട് ബോളണ്ട് കളിച്ചില്ലായിരുന്നെങ്കില്‍, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. ഇന്ത്യയുടെ ഇടം കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അവന്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ വളരെ മികച്ച പ്രകടനമാണ് ബോളണ്ട് പുറത്തെടുത്തത്. മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്നുമായി 21 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനും ശേഷം വിക്കറ്റ് വേട്ടയില്‍ മൂന്നാമനായാണ് ബോളണ്ട് പരമ്പര അവസാനിപ്പിച്ചത്.

ബുംറയ്ക്ക് ശേഷം ഏറ്റവും മികച്ച ബൗളിങ് ശരാശരിയും സ്‌ട്രൈക്ക് റേറ്റും ബോളണ്ടിന്റെ പേരിലായിരുന്നു (ചുരുങ്ങിയത് പത്ത് വിക്കറ്റ്). 13.19 എന്ന മികച്ച ശരാശരിയിലും 29.05 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിഞ്ഞത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്‌കോട്ട് ബോളണ്ടിന് അവസരമുണ്ടായിരുന്നില്ല. പെര്‍ത്തില്‍ ബെഞ്ചിലിരുന്ന താരം സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന് പരിക്കേറ്റതോടെയാണ് അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഭാഗമായത്.

ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന് വിജയിച്ച് പരമ്പരയിലൊപ്പമെത്തിയ മത്സരത്തില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്.

ഹെയ്‌സല്‍വുഡ് പരിക്കില്‍ നിന്നും മുക്തനായി എത്തിയതോടെ ഗാബ ടെസ്റ്റിലും ബോളണ്ടിന് ബെഞ്ചിലിരിക്കേണ്ടി വന്നു. എന്നാല്‍ താരം വീണ്ടും പരിക്കിന്റെ പിടിയലായതോടെ ബോക്‌സിങ് ഡേ ടെസ്റ്റിലും നിര്‍ണായകമായ സിഡ്‌നി ടെസ്റ്റിലും ബോളണ്ട് ബാഗി ഗ്രീനണിഞ്ഞ് കളത്തിലിറങ്ങി. രണ്ട് ടെസ്റ്റിലും താരം നിര്‍ണായകമാവുകയും ചെയ്തു.

Content Highlight: R Ashwin says, if Scott Boland hadn’t played, India would have won the Border-Gavaskar Trophy

We use cookies to give you the best possible experience. Learn more