| Friday, 27th February 2026, 2:31 pm

സഞ്ജു ഇങ്ങനെ ലോകകപ്പ് പൂര്‍ത്തീകരിക്കണമെന്നാണ് എന്റെ ആഗ്രഹം: ആര്‍. അശ്വിന്‍

ഫസീഹ പി.സി.

മലയാളി താരം സഞ്ജു സാംസണ്‍ ഒരു സെഞ്ച്വറിയോടെയോ മാച്ച് വിന്നിങ് പ്രകടനത്തോടെയോ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ ഇന്ത്യന്‍ ആര്‍. അശ്വിന്‍. സഞ്ജു ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പ്രതിസന്ധി പരിഹരിച്ചുവെന്നും ഫൈനല്‍ വരെ തുടക്കത്തില്‍ തന്നെ 30 റണ്‍സൊക്കെ നല്‍കാനായാല്‍ വലിയ സംഭവനയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സഞ്ജു വലിയ സ്‌കോര്‍ കണ്ടത്തെണമെന്നും അതിനുള്ള കഴിവ് താരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആര്‍. അശ്വിന്‍. Photo: Banrakas/x.com

‘ഞാന്‍ ഇതിനെ രണ്ട് വശങ്ങളിലൂടെയാണ് കാണുന്നത്. ഒന്ന് സഞ്ജു സാംസണ്‍ എന്ന വ്യക്തിയെയും അവന്റെ കഴിവും എന്ന നിലയില്‍. ഇന്ത്യന്‍ ടീമില്‍ സഞ്ജുവെന്നതാണ് മറ്റൊന്ന്. ഈ മത്സരത്തില്‍ ഓപ്പണിങ്ങിലെ പ്രതിസന്ധി ടീം പരിഹരിച്ചിട്ടുണ്ട്.

നമുക്ക് നല്ല തുടക്കം ലഭിച്ചു. അവന് ഫൈനല്‍ വരെ 15 പന്തില്‍ 28 ഓ, 16 പന്തില്‍ 30 സ്‌കോര്‍ ചെയ്താല്‍ ടീമിനുള്ള വലിയ സംഭാവനയാകും. എന്നാല്‍, സഞ്ജു ഒരു വ്യക്തി എന്ന നിലയില്‍ വലിയ സ്‌കോറുകള്‍ നേടാമെന്നാണ് എന്റെ ആഗ്രഹം. അവന് പിടിച്ച് നിന്ന് വലിയ സ്‌കോര്‍ കണ്ടെത്തണം.

ഒരുപാട് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച വേദിയില്‍ ആത്മവിശ്വാസത്തോടെ കളിക്കൂ. നേടാന്‍ സാധിച്ചില്ലെങ്കിലും അതിനായി ശ്രമിച്ചുവെന്ന് പറയാം. സഞ്ജു ഒരു സെഞ്ച്വറിയോടെയോ ഒരു മാച്ച് വിന്നിങ് പ്രകടനത്തിലൂടെയോ ഈ ലോകകപ്പ് പൂര്‍ത്തിയാക്കണമെന്നാണ് എന്റെ ആഗ്രഹം. അവനത് അര്‍ഹിക്കുന്നുണ്ട്,’ അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസൺ. Photo: The Cricket Panda/x.com

രണ്ടാം സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്വെക്കെതിരെ സഞ്ജു റിങ്കു സിങിന് പകരക്കാരനായി കളത്തിലെത്തിയിരുന്നു. ഓപ്പണിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലുമെത്തിയ താരം ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. 15 പന്തില്‍ രണ്ട് സിക്സും ഒരു ഫോറുമടക്കം 24 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

ഒപ്പം അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ 48 റണ്‍സും ചേര്‍ത്തിരുന്നു. ഇതാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് അശ്വിന്റെ പ്രതികരണം.

Content Highlight: R. Ashwin says he would like to see Sanju Samson finishing T20 World Cup with hundred

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more