ഐ.പി.എല്‍ 2026ലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. യുവതാരം വൈഭവ് സൂര്യവംശി 96 റണ്‍സ് എടുത്തെങ്കിലും മറുവശത്ത് ശുഭ്മന്‍ ഗില്‍ സെഞ്ച്വറിയുമായി തിളങ്ങിയതോടെ രാജസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു.
ഇപ്പോള്‍ വൈഭവിന്റെ 96 റണ്‍സ് പാഴായി പോയതില്‍ താന്‍ നിരാശനാണെന്ന് പറയുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. സീസണില്‍ ഒട്ടേറെ നല്ല പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഗുജറാത്തിനെതിരെയുള്ളതാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആർ. അശ്വിൻ. Photo: Mirror Now
ടെസ്റ്റില്‍ മികച്ച ബൗളര്‍മാരായ സിറാജ്, റബാദ, ഹോള്‍ഡര്‍ എന്നിവരെ നേരിട്ട് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ വൈഭവ് വലിയൊരു റിസള്‍ട്ട് അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘ഞാന്‍ തികച്ചും നിരാശനാണ്. ഈ സീസണില്‍ അവന്‍ (വൈഭവ് സൂര്യവംശി) ഒട്ടേറെ നല്ല ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. 800 റണ്‍സിനടുത്ത് റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷേ, ഇന്നത്തേതാണ് ഏറ്റവും മികച്ചത്. അവനെ ഭാഗ്യം തുണച്ചിട്ടുണ്ട്. എന്നാല്‍, പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മുഹമ്മദ് സിറാജ്, കാഗീസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ തുടങ്ങി ടെസ്റ്റിലെ മികച്ച ബൗളര്‍മാരെ നേരിടുക എന്നത് എളുപ്പമല്ല.
ഒരു ക്യാച്ച് കൈവിട്ടതിനാല്‍ അല്പം ഭാഗ്യം വൈഭവിനെ തുണച്ചു എന്നത് സത്യമാണ്, പക്ഷേ പിച്ചിലെ വെല്ലുവിളികളെ നേരിട്ട രീതിയും സാഹചര്യത്തിനനുസരിച്ച് ഷോട്ടുകള്‍ മാറ്റിയ രീതിയും എടുത്തു പറയേണ്ടതാണ്. അവന്‍ കൂടുതല്‍ വലിയൊരു ഫലം അര്‍ഹിച്ചിരുന്നു,’ അശ്വിന്‍ പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com
ഗുജറാത്തിനെതിരെ രാജസ്ഥാനെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തത് വൈഭവിന്റെ സെന്‍സിബിള്‍ ഇന്നിങ്സായിരുന്നു. ഒരറ്റത്ത് ബാറ്റര്‍മാര്‍ വന്നപോലെ കൂടാരം കയറിയപ്പോള്‍ താരം സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്താണ് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.
47 പന്തുകള്‍ നേരിട്ട് 96 റണ്‍സാണ് വൈഭവ് ഗുജറത്തിനെതിരെ നേടിയത്. ഏഴ് സിക്‌സറുകളും എട്ട് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ ഇന്നിങ്സോടെ സീസണിലെ റണ്‍ വേട്ടക്കാരില്‍ 15കാരന്‍ ഒന്നാമാതാവുകയും ചെയ്തു. 16 മത്സരങ്ങളില്‍ കളിച്ച താരം ഒരു സെഞ്ച്വറിയടക്കം 776 റണ്‍സ് എടുത്താണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Content Highlight: R Ashwin says he is disappointed Vaibhav Suryavanshi’s knock going vain