2026 ഐ.പി.എല്ലിൽ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്‌സ് അജയ്യരായി മുന്നേറികൊണ്ടിരിക്കുകയാണ്. ക്യാപ്റ്റൻസി മികവ് കൊണ്ടും മിന്നുന്ന ബാറ്റിങ് പ്രകടനങ്ങൾ കൊണ്ടും ഈ സീസണിലും ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യർ.
ഇപ്പോഴിതാ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം ആർ. അശ്വിൻ. ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും അയ്യർ എന്തുകൊണ്ടാണ് ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമല്ലാത്തതെന്നാണ് അശ്വിൻ ചോദിക്കുന്നത്. അയ്യരെ ടീമിൽ ഉൾപ്പെടുത്താത്തത് ഇന്ത്യയുടെ മാത്രം നഷ്ടമായിരിക്കുമെന്നും അശ്വിൻ പറഞ്ഞു. തന്റെ യുട്യൂബ് ചാനലായ ആഷ് കി ബാത്തിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.
”അദ്ദേഹത്തിന്റെ റേഞ്ച് അസാധാരണമാണ്. ഇത്രയധികം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും അയ്യർ ഇപ്പോഴും ഇന്ത്യൻ ടി-20 ടീമിന്റെയോ ക്യാപ്റ്റൻസി ഗ്രൂപ്പിന്റേയോ ഭാഗമല്ലെങ്കിൽ അത് ഇന്ത്യയുടെ മാത്രം നഷ്ടമാണ്. ശ്രേയസ് അയ്യരുടേതല്ല. മികവ് എന്താണെന്ന് ശ്രേയസ് എല്ലാവർക്കും കാണിച്ചു കൊടുത്തു. ഷോർട്ട് ബോളുകൾ അദ്ദേഹത്തിന് നേരിടാൻ കഴിയില്ലെന്ന് നിരന്തരം ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ജസ്പ്രീത് ബുംറയെ നേരിട്ടതെങ്ങനെയാണെന്ന് നമ്മൾ കണ്ടു. മിഡ് വിക്കറ്റിന്റെ മുകളിലൂടെ അദ്ദേഹം സിക്സർ നേടി” ശ്രേയസ് അയ്യർ പറഞ്ഞു.
ഈ സീസണിൽ നാല് ഇന്നിങ്‌സുകളിൽ നിന്നും 203 റൺസാണ് അയ്യരിന്റെ ബാറ്റിൽ നിന്നും പിറന്നത്. മൂന്ന് അർധ സെഞ്ച്വറികളും അയ്യരിന്റെ ബാറ്റിൽ നിന്നും പിറന്നു. കഴിഞ്ഞ തവണ കണ്മുന്നിൽ നഷ്ടമായ കിരീടം പഞ്ചാബിനൊപ്പം ഇത്തവണ നേടാനാവുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 2024 ഐപിഎൽ കിരീടം നേടിക്കൊടുത്ത അയ്യർ ഡൽഹി ക്യാപ്പിറ്റൽസിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയർത്തി. കഴിഞ്ഞ സീസണിൽ 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ കലാശപോരാട്ടത്തിലേക്ക് നയിക്കാനും അയ്യർക്ക് സാധിച്ചിരുന്നു.
ഇതോടെ ഐ.പി.എല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യർ കൈപ്പിടിയിലാക്കി. ഇത്തവണ പഞ്ചാബിന് കിരീടം നേടികൊടുത്താൽ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവും അയ്യർക്ക് സാധിക്കും.
ഏപ്രിൽ 19നാണ് ശ്രേയസ് അയ്യരും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ.
Content Highlight: R. Ashwin Praises Punjab Kings Captain Shreyas Iyer