| Monday, 26th January 2026, 4:15 pm

അവന്‍ ദൈവത്തിന്റെ കുട്ടിയാണ്; സൂപ്പര്‍ താരത്തിന് പ്രശംസയുമായി അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ പ്രശംസിച്ച് ഇതിഹാസം ആര്‍. അശ്വിന്‍. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്തിയ അഭിഷേക് 14 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ടി-20യില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമാകാനും അഭിഷേകിന് സാധിച്ചു. ഇതിന് പിന്നാലെയാണ് അശ്വിന്റെ പ്രശംസ. അഭിഷേക് അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം ദൈവത്തിന്റെ കുട്ടിയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘പവര്‍പ്ലേയില്‍ അവിശ്വസനീയമായ ബാറ്റിങ് പ്രകടനമാണ് അഭിഷേക് ശര്‍മ കാഴ്ചവെക്കുന്നത്. വെറും 14 പന്തില്‍ നിന്ന് അവന്‍ 50 റണ്‍സ് നേടി. വിക്കറ്റുകള്‍ വീഴുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ വലിയ സിക്‌സറുകള്‍ അടിക്കുന്നു. കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍, അദ്ദേഹം ഒരു സിക്‌സ് അടിച്ചു.

പന്ത് ബാറ്റിന്റെ അടിയില്‍ തട്ടിയിട്ടും അത് സിക്‌സറിലേക്ക് പോയി. അവന്‍ ബാറ്റ് ചെയ്യുന്ന രീതി, അത് അതിശയകരമാണ്. ഞാന്‍ ഉദ്ദേശിക്കുന്നത്, ദൈവത്തിന്റെ സ്വന്തം കുട്ടിയാണ് അദ്ദേഹം. എങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടത്?,’ അശ്വന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.അഭിഷേക് ശര്‍മ കിവീസിനെതിരെ ബാറ്റ് ചെയ്യുന്ന ചിത്രം- Photo: bcci/com

അതേസമം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു. പരമ്പരയിലെ നാലാം മത്സരം ജനുവരി 28ന് ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ നടക്കും.

അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്‌സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 340.00 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു ക്യാപ്റ്റന്റെ സ്‌കോറിങ്.

Content Highlight: R Ashwin Praises Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more