2025ല്‍ ഇന്ത്യയുടെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തിയെ തെരഞ്ഞെടുത്ത് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. വരുണ്‍ ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമാണെന്നും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം താരം മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
ആർ. അശ്വിൻ. Photo: Johns/x.com
‘ഇന്ത്യയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബൗളറായി ഞാന്‍ വരുണ്‍ ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കും. അവസരം ലഭിച്ചപ്പോഴെല്ലാം താരം ഇന്ത്യയുടെ എക്‌സ് ഫാക്ടറായി. അവന്റെ പന്തുകള്‍ മനസിലാക്കാന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നു.
2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടം നിലനിര്‍ത്തുകയാണെങ്കില്‍ വരുണിന്റെ പ്രകടനം വളരെ നിര്‍ണായകമായിരിക്കും. അവനൊരു ഒരു മികച്ച ടി – 20 സ്‌പെഷ്യലിസ്റ്റ് ബൗളറാണ്,’ അശ്വിന്‍ പറഞ്ഞു.
വരുൺ ചക്രവർത്തി. Photo: BCCI/x.com
വരുണിന്റെ കരിയര്‍ വളര്‍ച്ചയെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ഒരു ഘട്ടത്തില്‍ ടീമില്‍ നിന്ന് പുറത്തായ അവന്‍ തന്റെ കളി ശൈലി പരിഷ്‌കരിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ടി – 20 റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു.
ക്രിക്കറ്റ് ആയിരുന്നില്ല അവന്റെ ജോലി, ഒരു ആര്‍ക്കിടെക്റ്റ് ആയിരുന്നു. ചെന്നൈയിലെ അഞ്ചാം ഡിവിഷന്‍ ലീഗുകളില്‍ ‘മിസ്റ്ററി ബൗളിങ്’ നടത്തിയാണ് അവന്റെ ക്രിക്കറ്റിലെ തുടക്കം. പിന്നീട് നെറ്റ് ബൗളറായി അവസരം ചോദിച്ചു വാങ്ങി. അവിടെ നിന്ന് കഠിനാധ്വാനം ചെയ്താണ് കരിയര്‍ വളര്‍ത്തിയെടുത്തത്.
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിലൂടെ അവന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒരു യാത്രയായിരുന്നു വരുണിന്റേതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: R Ashwin picks Varun Chakravarthy as the Indian Cricketer of the Year