ഐ.പി.എല്‍ 2026 ആരാധകര്‍ക്ക് വാനോളം ആവേശം നല്‍കി തിരശീല വീണിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തിയിട്ടുണ്ട്. 17 വര്‍ഷങ്ങള്‍ ടൂര്‍ണമെന്റില്‍ ഒരു കിരീടമില്ലാതിരുന്ന ടീമിന് ഇത് വലിയ ഊര്‍ജമാണ് നല്‍കുന്നത്.
മറുവശത്ത് ഏറെ ആരാധകരും ഐ.പി.എല്ലിലെ വിജയകരമായ ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്സ് ഈ സീസണ്‍ അത്ര മികച്ചതല്ല. അതിന് കാരണം പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ടീമിന് വലിയ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നത് കൂടിയാണ്.
ആർ. അശ്വിൻ. Photo: Mirror Now
ഇപ്പോള്‍ ഈ സീസണിലെ ചെന്നൈയുടെ ഏറ്റവും മികച്ച നിമിഷങ്ങള്‍ തെരഞ്ഞെടുക്കുകയാണ് സ്പിന്‍ ഇതിഹാസവും മുന്‍ സി.എസ്.കെ താരവുമായ ആര്‍. അശ്വിന്‍. സീസണില്‍ രണ്ടാം തവണ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ച ഇന്നിങ്സാണ് താരം തെരഞ്ഞെടുത്തത്.
ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും മലയാളി വിക്കറ്റ് കീപ്പറായിരുന്നു.
ദൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 156 റണ്‍സായിരുന്നു എടുത്തിരുന്നത്. ഇത് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയില്‍ നിരയില്‍ മറ്റുള്ളവര്‍ വളരെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ ക്രീസില്‍ നങ്കൂരമിട്ട് സഞ്ജു ടീമിന് വിജയമൊരുക്കുകയായിരുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ മലയാളി ബാറ്റര്‍ നടത്തിയ ഈ ഇന്നിങ്സാണ് അശ്വിന്‍ ഏറ്റവും മികച്ചതായി കണക്കാണുന്നത്.
സീസണില്‍ സഞ്ജു നേടിയ സെഞ്ച്വറികളെ മറികടന്നാണ് അശ്വിന്റെ ഈ തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധേയമാണ്. ദല്‍ഹിക്കെതിരെയുള്ള ഒന്നാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനെതിരെയുമായിരുന്നു താരത്തിന്റെ സെഞ്ച്വറികള്‍. ഇവ രണ്ടിലും മലയാളി വിക്കറ്റ് കീപ്പര്‍ ഒറ്റയ്ക്ക് പൊരുതിയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത് എന്നത് കൂടി ഇതിനോട് ചേർത്ത് വെക്കണം.
Content Highlight: R. Ashwin picks Sanju Samson’s match winning knock of 87 out of 42 deliveries against DC as best moment of CSK in IPL 2026