| Sunday, 11th October 2026, 4:18 pm

വിശന്നുവലഞ്ഞ സിംഹത്തിന് മുന്നില്‍ ആടിനെ വിളമ്പി; സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഷായ് ഹോപ്പ് വഴിയൊരുക്കിയതെങ്ങനെയെന്ന് അശ്വിന്‍

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് നടത്തിയ തന്ത്രപരമായ പിഴവുകളാണ് സഞ്ജുവിന് തുണയായതെന്ന് അശ്വിന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ. അശ്വിൻ..Photo: Hello Cricket/x.com

സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെയും പ്രതിസന്ധികളെ അതിജീവിച്ചുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെയും അശ്വിന്‍ പ്രശംസിച്ചു.

‘സഞ്ജു സാംസണ്‍ റണ്‍സ് കണ്ടെത്തുന്ന ഘട്ടത്തിലായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ അല്‍പം പതര്‍ച്ച അനുഭവപ്പെട്ടത്. എന്നാല്‍ ഷായ് ഹോപ്പിനും ഒരു പിഴവ് സംഭവിച്ചു.

സഞ്ജു സാംസണ്‍. Photo: CSK/x.com

സഞ്ജു സാംസണെ സമ്മര്‍ദത്തിലാക്കാന്‍ ഒരു എന്‍ഡില്‍നിന്ന് തുടര്‍ച്ചയായി സ്പിന്നര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കാനാവില്ല. പവര്‍പ്ലേയില്‍ അകീല്‍ ഹൊസൈനെക്കൊണ്ട് തുടര്‍ച്ചയായി മൂന്ന് ഓവര്‍ എറിയിച്ചത് വിശന്നുനില്‍ക്കുന്ന സിംഹത്തിന് മുന്നില്‍ ഒരു ആടിനെ വിളമ്പുന്നതുപോലെയായിരുന്നു.

സഞ്ജു ആ അവസരം മുതലെടുക്കുകയും അകീല്‍ ഹൊസൈനെതിരെ ആക്രമിച്ചുകളിക്കുകയും ചെയ്തു,” അശ്വിന്‍ പറഞ്ഞു.

സഞ്ജുവിന്റെ സമീപനത്തെയും അശ്വിന്‍ പ്രശംസിച്ചു. ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് സമ്മര്‍ദം നിലനില്‍ക്കുമ്പോഴും ടീമിനുവേണ്ടി റിസ്‌ക് ഏറ്റെടുക്കാന്‍ സഞ്ജു തയ്യാറാകുന്നതിനെ അദ്ദേഹം എടുത്തുപറഞ്ഞു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

”അത്തരമൊരു മനോഭാവം നിലനിര്‍ത്തുക എളുപ്പമല്ല. അപകടസാഹചര്യത്തിലാണെന്നും ടീമില്‍നിന്ന് പുറത്താക്കപ്പെട്ടേക്കാമെന്നും അറിയുമ്പോള്‍ സ്വന്തം സ്ഥാനം സംരക്ഷിക്കുന്നതിനാണ് ഒരാള്‍ സ്വാഭാവികമായും മുന്‍ഗണന നല്‍കുക.

എന്നാല്‍ സഞ്ജു ഇപ്പോഴും ടീമിനുവേണ്ടി റിസ്‌ക് ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ ഈ മികച്ച മനോഭാവം തന്നെയാണ് ഭാഗ്യവും അദ്ദേഹത്തിന് അനുകൂലമാകാന്‍ കാരണമാകുന്നതെന്ന് തോന്നുന്നു,” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട സഞ്ജു സാംസണ്‍, റാഞ്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 41 പന്ത് നേരിട്ട് 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സറും ഒമ്പത് ഫോറുമടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

അതേസമയം, ഇന്നാണ് (ഞായര്‍) പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: R. Ashwin on Sanju Samson’s return to form.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more