ഇന്ത്യന്‍ ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. ഇനി നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയ സാഹചര്യത്തില്‍ കൂടിയാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്.
ലോകകപ്പിന് മുമ്പ് ഇന്ത്യ ആധികം 50 ഓവര്‍ മത്സരങ്ങള്‍ കളിക്കാത്തതിനാല്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എ-യ്ക്ക് വേണ്ടിയും കളത്തിലിറങ്ങണമെന്നാണ് അശ്വിന്‍ പറയുന്നത്. 2027ല്‍ സൗത്ത് ആഫ്രിക്ക വേദിയാകുന്ന ലോകകപ്പ് വരെ ഇവര്‍ക്ക് ഫോം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന സെലക്ടര്‍മാരുടെ ആശങ്കയ്ക്ക് വിരാമമിടാനും ഇതിനാല്‍ സാധിക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ആര്‍ക്കും തന്നെ എതിരഭിപ്രായങ്ങളൊന്നും തന്നെ ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ അദ്ദേഹം 2027 ലോകകപ്പിന് ടീമിനൊപ്പമുണ്ടാകുമോ? ഈ ചോദ്യമായിരിക്കും സെലക്ഷന്‍ കമ്മിറ്റിക്കും പരിശീലകനും നേരിടേണ്ടി വരിക.
അവര്‍ ഇക്കാര്യം തീര്‍ച്ചയായും ചര്‍ച്ച ചെയ്തിരിക്കും, അതില്‍ രണ്ട് നിഗമനങ്ങളും ഉരുത്തിരിഞ്ഞ് വന്നിരിക്കും, ഒന്ന് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2027 ലോകകപ്പ് കളിക്കില്ല. അഥവാ അവര്‍ ലോകകപ്പിന്റെ പ്ലാനുകളില്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഫോം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതാണ് രണ്ടാമത്തേത്. രണ്ടും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണ്,’ അശ്വിന്‍ പറഞ്ഞു.
ഫോം നിലനിര്‍ത്താന്‍ രോഹിത്തും വിരാടും തങ്ങളുടെ ആഭ്യന്തര ടീമുകള്‍ക്ക് വേണ്ടി വിജയ് ഹസാരെ പോലുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ക്ക് അവരുടെ സേവനം ആവശ്യമാണെങ്കില്‍ അതിനായി നിങ്ങള്‍ ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഇനി അധികം 50 ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ അവരോട് ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ ആവശ്യപ്പെടാം. ഈ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ലോകകപ്പ് പ്ലാനില്‍ നിങ്ങളുണ്ടാകില്ല എന്ന് പറയാന്‍ അവര്‍ക്ക് സാധിക്കണം.
ഈ പരമ്പരയല്ലെങ്കില്‍ വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ആവശ്യപ്പെടാം. അവരുടെ ഫോം എത്രത്തോളമുണ്ടെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. മുമ്പ് ചില താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ വിമുഖത കാണിച്ചിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യ എയ്ക്കായി മത്സരങ്ങള്‍ കളിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.
ഇക്കാരണം കൊണ്ടുതന്നെ അവര്‍ക്ക് ഈ അവസരം നല്‍കേണ്ടതുണ്ട്. നിങ്ങള്‍ അവസരം നല്‍കുകയും അവരത് നിരസിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ക്കെല്ലാം വ്യക്തത വരും,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: R Ashwin on Rohit Sharma and Virat Kohli playing 2027 World Cup