| Tuesday, 22nd September 2026, 6:48 pm

അദ്ദേഹം മുന്നോട്ട് പോകാനുള്ള സാധ്യതയില്ല; സൂപ്പര്‍ താരത്തിന്റെ ഐ.പി.എല്‍ ഭാവിയെക്കുറിച്ച്  ആര്‍.അശ്വിന്‍

അഞ്ജലി പി.കെ.

ഇന്ത്യയുടെ ഇതിഹാസ താരമായ എം.എസ് ധോണിയുടെ ഐ.പി.എല്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നുണ്ട്. സീസണിന് മുന്നോടിയായി ധോണിക്ക് നിര്‍ദേശവുമായി മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍. 2027ലെ ഐ.പി.എല്ലില്‍ ധോണി കളിക്കണമെങ്കില്‍ മതിയായ മത്സരപരിചയം നേടേണ്ടതുണ്ടെന്ന് രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ താരം.

‘മത്സരപരിചയമില്ലാതെ വെറും കാഴ്ചയോ രൂപമോ മാത്രം പരിഗണിച്ച് ഐ.പി.എല്‍ പോലൊരു ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല. അത് പരിധികള്‍ ഏറെ കടന്നുപോകുന്നതായിരിക്കും. അദ്ദേഹം കളിക്കാന്‍ തീരുമാനിച്ചാല്‍, അത് ചോദ്യം ചെയ്യാന്‍ നമ്മളില്‍ ആര്‍ക്കും കഴിയില്ല.

എം.എസ് ധോണി

എന്നാല്‍ ഐ.പി.എല്ലില്‍ ഒരു താരമായി തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍, മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത് ആവശ്യമായ മത്സരപരിചയം നേടണം. അതിനായി മറ്റു മത്സരങ്ങള്‍ കളിച്ച് കാലുകള്‍ക്ക് ആവശ്യമായ മത്സരഭാരം നല്‍കേണ്ടതുണ്ട്. ഇതെല്ലാം ചെയ്യുകയും അതോടൊപ്പം വലിയ പ്രചോദനത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെങ്കില്‍, അത് തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാല്‍ അങ്ങനെ സാധിക്കുന്നില്ലെങ്കില്‍, ഒരു താരമെന്ന നിലയില്‍ അദ്ദേഹം മുന്നോട്ട് പോകാനുള്ള സാധ്യതയില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

എം.എസ് ധോണി

2026 ഐ.പി.എല്‍ സീസണില്‍ ധോണിയെ സി.എസ്.കെ നിലനിര്‍ത്തിയെങ്കിലും കാലിനേറ്റ പരിക്ക് കാരണം 45 കാരന് സീസണ്‍ മുഴുവന്‍ നഷ്ടമായി. 2025ല്‍ ടീമിലുണ്ടായിട്ടും കാര്യമായ സംഭാവനകളൊന്നും ധോണിക്ക് ടീമിനായി നല്‍കാന്‍ കഴിഞ്ഞില്ല. 13 ഇന്നിങ്‌സുകളില്‍ നിന്ന് 196 റണ്‍സ് മാത്രമാണ് നേടിയത്. 24.5 ബാറ്റിങ് ശരാശരിയും 135.17 സ്‌ട്രൈക്ക് റേറ്റുമാണ് സീസണില്‍ ധോണിക്കുള്ളത്. ഇതുവരെയുള്ള ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്.

അഞ്ച് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 2023ലെ അഞ്ചാം വിജയത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് വിട്ടുകൊടുത്തു. കഴിഞ്ഞ സീസണുകളില്‍ പ്ലേയോഫ് പോലും കാണാതെയാണ് ചെന്നൈ പുറത്തായത്. ഹോംഗ്രൗണ്ടില്‍ പോലും അടിപതറിയ ചെന്നൈക്ക് വരാന്‍ പോവുന്ന സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: R Ashwin Give Advice For M.S Dhoni Ahead IPL 2027

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more