| Friday, 29th August 2025, 2:36 pm

വമ്പന്‍ നീക്കത്തിനൊരുങ്ങി അശ്വിന്‍; വിദേശ ലീഗുകളില്‍ ലക്ഷ്യമിടുന്നത് ഇത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഓഗസ്റ്റ് 27ന് ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചിരുന്നു. ഐ.പി.എല്ലില്‍ കളിക്കാരന്‍ എന്ന നിലയില്‍ തന്റെ സമയം അവസാനിച്ചെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പടിയിറക്കം. താന്‍ ഇനി വിദേശ ലീഗുകളില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അശ്വിന്‍ വിദേശ ലീഗുകളില്‍ ലക്ഷ്യമിടുന്നത് കളിക്കാരന്‍ എന്ന പദവി മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്ലെയര്‍ കം പരിശീലകന്‍ എന്ന റോളിനാണ് താരം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതോടൊപ്പം തന്നെ അശ്വിന്‍ ഏതൊക്കെ ടി -20 ലീഗുകളിലാണ് കളിക്കാന്‍ ഒരുങ്ങുന്നത് എന്നതിന്റെ സൂചനയും ഈ റിപ്പോര്‍ട്ടിലുണ്ട്. മേജര്‍ ക്രിക്കറ്റ് ലീഗ്, ദി ഹണ്‍ഡ്രഡ്, ഇന്റര്‍നാഷണല്‍ ലീഗ് ടി – 20 എന്നീ ടൂര്‍ണമെന്റുകളെയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

അതേസമയം, 16 വര്‍ഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പടിയിറങ്ങിയത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് താരം ഐ.പി.എല്‍ കരിയറിന് അന്ത്യം കുറിച്ചത്.

ടൂര്‍ണമെന്റില്‍ താരം 187 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലീഗിന്റെ ചരിത്രത്തിന്റെ അഞ്ചാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരാണ് 38കാരന്‍. ബൗളിങ്ങിന് പുറമെ, ബാറ്റിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 16 സീസണുകളിൽ നിന്നായി ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ 833 റൺസും നേടിയിട്ടുണ്ട്.

അഞ്ച് ടീമുകള്‍ക്കായി കളത്തിലിറങ്ങിയാണ് താരം ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2009ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലൂടെ അരങ്ങേറ്റം കുറിച്ച താരം അതേ ടീമിലൂടെ തന്നെയാണ് പടിയിറങ്ങുന്നതും. ഇതിനിടയില്‍ പൂനെ വാരിയേഴ്സ്, പഞ്ചാബ് കിങ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കുമായി കളിച്ചിട്ടുണ്ട്.

Content Highlight: R Ashwin eyeing player cum coach role in foreign T20 Cricket Leagues:  Report

We use cookies to give you the best possible experience. Learn more