ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പിൻ ഇതിഹാസം ആർ.അശ്വിൻ. 16 വർഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടാണ് താരം ഐ.പി.എല്ലിൽ നിന്ന് പടിയിറങ്ങുന്നത്. എക്‌സിൽ വൈകാരിക കുറിപ്പ് പങ്കിട്ടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
തന്റെ ഐ.പി.എൽ കരിയറിന് ഇന്ന് വിരാമമിടുകയാണെന്നും മറ്റ് ലീഗുകളിലേക്കുള്ള തന്റെ യാത്ര തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കരിയറിൽ മികച്ച ഓർമ്മകൾ സമ്മാനിച്ച ഫ്രാഞ്ചൈസികൾക്കും ഐ.പി.എല്ലിനും ബി.സി.സി.ഐക്കും നന്ദി പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘ഒരു സ്പെഷ്യൽ ദിവസം, സ്പെഷ്യൽ തുടക്കം. ഓരോ അവസാനത്തിനും ഒരു പുതിയ തുടക്കമുണ്ടാവുമെന്ന് എല്ലാവരും പറയാറുണ്ട്. ഐ.പി.എൽ ക്രിക്കറ്റർ എന്ന എന്റെ യാത്ര ഇന്ന് അവസാനിക്കുകയാണ്. പക്ഷേ, വിവിധ ലീഗുകളിലേക്കുള്ള എന്റെ പര്യവേഷണം ഇവിടെ തുടങ്ങുകയാണ്,’
അശ്വിൻ പറഞ്ഞു.
ഐ.പി.എല്‍ 2025ല്‍ അശ്വിന്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമായിരുന്നു. മറ്റ് ടീമുകളിലേക്ക് ചേക്കേറിയ ബൗളറെ കഴിഞ്ഞ സീസണില്‍ 9.75 കോടിക്ക് താരലേലത്തിലൂടെ സി.എസ്. കെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെക്കാനായില്ല.
18ാം സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ താരം സി.എസ്.കെയ്ക്കായി കളത്തിലിറങ്ങിയിരുന്നു. ഈ മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 9.12 എക്കോണമിയിലായിരുന്നു ഈ സീസണില്‍ താരം പന്തെറിഞ്ഞിരുന്നത്.
അടുത്തിടെ താരം സി.എസ്.കെ വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഒപ്പം, അടുത്ത സീസണില്‍ ടീമില്‍ തന്റെ റോള്‍ എന്താണെന്നതില്‍ താരം വ്യക്തത തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.പി.എല്ലില്‍ അഞ്ച് ടീമുകളില്‍ അശ്വിന് കളിച്ചിട്ടുണ്ട്. 2009ല്‍ സൂപ്പര്‍ കിങ്സിലൂടെയായിരുന്നു താരത്തിന്റെ ടൂര്‍ണമെന്റിലെ അരങ്ങേറ്റം. 2015 വരെ അവിടെ കളിച്ച താരം സി.എസ്.കെ വിലക്ക് നേരിട്ട വര്‍ഷം മാത്രമാണ് മറ്റൊരു ടീമിലേക്ക് ചേക്കേറിയത്. 2016ല്‍ റൈസിങ് പൂനെ വാരിയയേഴ്സിനൊപ്പമായിരുന്നു.
പിന്നീടുള്ള രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്‌സിനായി അശ്വിന് കളത്തിലിറങ്ങി. 2020 -21 സീസണില്‍ ദല്‍ഹി ക്യാപ്റ്റല്‍സില്‍ എത്തിയ താരം ഇവിടെയും രണ്ട് സീസണ്‍ ടീമിനൊപ്പം കളിച്ചു. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി. 2024 ല്‍ മെഗാ താര ലേലത്തില്‍ ആര്‍.ആര്‍ റിലീസ് ചെയ്തതോടെ വീണ്ടും ചെന്നൈയിലേക്കെത്തുകയായിരുന്നു.
അതേസമയം, ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് അശ്വിന്‍. താരം 187 വിക്കറ്റുകളുമായി ഈ ലിസ്റ്റില്‍ അഞ്ചാമതാണ്. ടൂര്‍ണമെന്റില്‍ 221 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. അശ്വിന് 30.22 ആവറേജും 7.20 എക്കോണമിയുമാണ് ഐ.പി.എല്ലിലുള്ളത്. 34 റണ്‍സിന് നാല് വിക്കറ്റ് നേടിയതാണ് താരത്തിന് ടൂര്‍ണമെന്റിലെ മികച്ച പ്രകടനം.
ബൗളിങ്ങിന് പുറമെ, ബാറ്റിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 16 സീസണുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 833 റണ്‍സും നേടിയിട്ടുണ്ട്. വിവിധ ടീമുകളില്‍ കളിച്ച താരം 29 സിക്‌സുകളും 64 ഫോറും ബൗണ്ടറി കടത്തിയിട്ടുണ്ട്.
Content Highlight: R. Ashwin annouces retirement from IPL