| Monday, 10th November 2025, 10:26 pm

അക്കാര്യം മനസില്‍ വെച്ചാല്‍ രാജസ്ഥാന് ഇത് ബമ്പര്‍; തുറന്നുപറഞ്ഞ് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തുമ്പോള്‍ താന്‍ ആദ്യമായി ഐ.പി.എല്‍ കിരീടം ചുംബിച്ച ടീമിലേക്കാകും രവീന്ദ്ര ജഡജേ മടങ്ങിയെത്തുക.

ഈ സ്വാപ് ഡീല്‍ സംഭവിക്കുകയാണെങ്കില്‍ അത് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറെ ഗുണകരമാകുമെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസവും മുന്‍ രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ആര്‍. അശ്വിന്‍. രവീന്ദ്ര ജഡേജ മാച്ച് വിന്നറാണെന്നും താരം ടീമിനൊപ്പമുണ്ടെങ്കില്‍ രാജസ്ഥാനെ സംബന്ധിച്ച് ഏറെ മികച്ചതാണെന്നും താരം അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങളില്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി എന്താണ് ചെയ്തിരുന്നത്? തീര്‍ച്ചയായും, അവന്‍ ഒരു ലോകകപ്പ് വിന്നറാണ്. ഐ.പി.എല്‍ 2023ല്‍ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ അവന്‍ തന്റെ ടീമിന് കിരിടം നേടിക്കൊടുത്തു.

നമ്മള്‍ അവന്റെ സ്റ്റാറ്റ്‌സ് പരിശോധിക്കാം. മധ്യനിരയില്‍ മത്സരം മുമ്പോട്ട് കൊണ്ടുപോകാന്‍ സൂപ്പര്‍ കിങ്‌സിന് എല്ലായ്‌പ്പോളും ഒരു ഫിംഗര്‍ സ്പിന്നര്‍ ഉണ്ടായിട്ടുണ്ട്, അത് ജഡേജയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 44 മത്സരത്തില്‍ നിന്നും 7.9 എക്കോണമിയില്‍ അവന്‍ 38 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

അവന്റെ ബാറ്റിങ് പരിശോധിക്കുമ്പോള്‍, അവന്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. പേസ് ബൗളര്‍മാര്‍ക്കെതിരെ 150ലധികമാണ് അവന്റെ സ്‌ട്രൈക് റേറ്റ്. സ്പിന്നേഴ്‌സിനെതിരെ കുറച്ച് കുറവാണ്. ഫിനിഷര്‍ എന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്.

ഇതെല്ലാം മനസില്‍ വെക്കുമ്പോള്‍ ഈ ട്രേഡ് രാജസ്ഥാനെ സംബന്ധിച്ച് വളരെ മികച്ചതായിരിക്കും. ഇടം കയ്യന്‍ ഫിനിഷര്‍ എന്ന നിലയില്‍ ജഡേജ രാജസ്ഥാന് ഏറെ നിര്‍ണായകമാകും. ലാറ്ററല്‍ മൂവ്‌മെന്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജയ്പൂര്‍ അവന് തീര്‍ച്ചയായും ഇണങ്ങും.

ജഡേജ ഒരിക്കലും സി.എസ്.കെയിലെ ചെറിയ താരമല്ല. സി.എസ്.കെ മുമ്പൊന്നും ഇതുപോലെയൊന്ന് ചെയ്തിട്ടില്ല. നിങ്ങള്‍ അവനുമായി സംസാരിക്കണം. ഇത് ജഡേജയെ സംബന്ധിച്ച് ഒരു മികച്ച ഓപ്ഷനാണ്. ഇത് ജഡേജയെ സംബന്ധിച്ചും ഒരു മികച്ച ഓപ്ഷനാണ്. അവന് ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച അതേ ടീമില്‍ തന്നെ അവന് കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കും,’ അശ്വിന്‍ പറഞ്ഞു.

Content Highlight: R Ashwin about Ravindra Jadeja’s trade to Rajasthan Royals

We use cookies to give you the best possible experience. Learn more