| Thursday, 20th August 2026, 6:41 am

ജഡേജ അറ്റാക്കിങ് സ്പിന്നര്‍ എന്ന റോള്‍ ഉപേക്ഷിച്ചിരിക്കുന്നു; പുതിയ മാറ്റത്തെക്കുറിച്ച് സര്‍പ്രൈസ് നിരീക്ഷണവുമായി അശ്വിന്‍

ആദർശ് എം.കെ.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തുവിട്ടത്.

ഇന്ത്യ ഉയര്‍ത്തിയ 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 206ന് പുറത്തായി.

സ്‌കോര്‍

ഇന്ത്യ: 462 & 193

ശ്രീലങ്ക: 284 & 206 (T: 372)

മത്സരത്തിന് ശേഷം ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹം മുമ്പത്തെപ്പോലെ ഒരു ‘അറ്റാക്കിങ് സ്പിന്നര്‍’ അല്ലെന്നും, ബാറ്റിങ്ങിന് മുന്‍ഗണന നല്‍കിക്കൊണ്ട് ബൗളിങ്ങില്‍ നിയന്ത്രണം നല്‍കുന്ന പരിചയസമ്പന്നനായ ഒരു ഓള്‍റൗണ്ടറുടെ റോളിലേക്ക് അദ്ദേഹം മാറിയെന്നുമാണ് അശ്വിന്‍ വ്യക്തമാക്കിയത്.

ആര്‍. അശ്വിന്‍തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ മുന്‍ സഹതാരത്തെ കുറിച്ച് സംസാരിച്ചത്.

‘ജഡേജയും മാനവ് സുതറും തികച്ചും വ്യത്യസ്തരായ ബൗളര്‍മാരാണ്. പന്ത് എങ്ങനെ റൊട്ടേറ്റ് ചെയ്യണം എന്നതിലാണ് സുതറിന്റെ കരുത്ത്. എന്നാല്‍ ജഡേജ സ്റ്റമ്പ് ടു സ്റ്റമ്പ് എറിഞ്ഞ് തന്റെ സ്‌റ്റോക്ക് ഡെലിവറികളിലൂടെ കളിയില്‍ പൂര്‍ണ നിയന്ത്രണം നല്‍കുന്നു.

രവീന്ദ്ര ജഡേജ. Photo: BCCI/x.com

എനിക്ക് തോന്നുന്നത് ജഡേജ ഇനി ഒരു അറ്റാക്കിങ് സ്പിന്നര്‍ അല്ലെന്നാണ്. ലോവര്‍ ഓര്‍ഡറില്‍ പരിചയസമ്പത്ത് നല്‍കുന്ന മികച്ചൊരു ബാറ്ററും അതോടൊപ്പം ബൗളിങ്ങില്‍ സാന്നിധ്യമാകുന്ന താരവുമായി അദ്ദേഹം മാറി. ഇതൊരു മോശം മാറ്റമല്ല,’ അശ്വിന്‍ പറഞ്ഞു.

ഗല്ലെ ടെസ്റ്റില്‍ ആകമാനം പത്ത് വിക്കറ്റുകള്‍ നേടി തിളങ്ങിയ 24കാരനായ ഇടംകയ്യന്‍ സ്പിന്നര്‍ മാനവ് സുതറിനെ അശ്വിന്‍ വാനോളം പുകഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സിന് നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സിന് ആറ് വിക്കറ്റും വീഴ്ത്തിയ സുതര്‍ വിക്കറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

ബാറ്ററുടെ നീക്കങ്ങള്‍ മനസ്സിലാക്കി പന്തെറിയുന്ന സുതര്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ സ്പിന്‍ നിരയുടെ അവിഭാജ്യ ഘടകമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 462 റണ്‍സ് അടിച്ചെടുത്തതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്ന് അശ്വിന്‍ വിലയിരുത്തി. ഗല്ലെയിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 433 ആണെന്നിരിക്കെ 450ന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ തന്നെ ഇന്ത്യ മുന്‍തൂക്കം നേടിയിരുന്നു.

167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍, 82 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍, അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറെല്‍ (51) എന്നിവര്‍ക്കൊപ്പം രണ്ടാം ഇന്നിങ്‌സില്‍ 69 പന്തില്‍ 66 റണ്‍സ് അടിച്ചുകൂട്ടിയ റിഷബ് പന്ത് എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് മികച്ച അടിത്തറയേകി.

മത്സരത്തില്‍ മൊത്തത്തില്‍ 4 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഓഗസ്റ്റ് 23ന്ന ആരംഭിക്കും. കൊളംബോയാണ് വേദി.

Content Highlight: R Ashwin about Ravindra Jadeja

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more