| Thursday, 15th May 2025, 11:15 am

വെറും അഞ്ച് ചോദ്യങ്ങളുള്ള ക്വിസ് മത്സരം; ബമ്പര്‍ സമ്മാനം ആപ്പിള്‍ ഐഫോണ്‍ 16: ശ്രദ്ധേയമായി കെ.എഫ്.സിയുടെ സ്റ്റാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വെറും അഞ്ച് ചോദ്യങ്ങളുള്ള ഒരു ക്വിസ് മത്സരത്തില്‍ പങ്കെടുത്താല്‍ ആപ്പിള്‍ ഐഫോണ്‍ 16 അടക്കമുള്ള നിരവധി പ്രീമിയം സമ്മാനങ്ങള്‍ സ്വന്തമാക്കാം. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’യിലെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാളിലാണ് ”എന്റെ കേരളം മെഗാ ക്വിസ് നടക്കുന്നത്.

മത്സരത്തിലെ ബമ്പര്‍ സമ്മാനമായി ആപ്പിള്‍ ഐഫോണ്‍ 16 ആണ് നല്‍കുന്നത്. ഓരോ സ്റ്റാളിലെയും പ്രദര്‍ശനത്തിലെ മത്സരാര്‍ത്ഥികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നയാള്‍ക്ക് ഗ്രാന്‍ഡ് പ്രൈസായി 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്‌ലറ്റ് സമ്മാനമായി ലഭിക്കും.

ഇതുകൂടാതെ എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് വീതം 4,000 രൂപ വിലയുള്ള ജെ.ബി.എല്‍ പ്രീമിയം ഹെഡ്‌ഫോണും സമ്മാനമായി നല്‍കുന്നുണ്ട്. സ്റ്റാളിന്റെയും മത്സരത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു.

എന്റെ കേരളം പരിപാടിയിലെ അഞ്ചു ജില്ലകളിലുള്ള (കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍) കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാളുകളില്‍ നടത്തുന്ന ‘എന്റെ കേരളം മെഗാ ക്വിസ് മത്സരം’ ഇതിനകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.

അഞ്ച് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാകുക. അഞ്ച് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നവര്‍ പ്രതിദിനനറുക്കെടുപ്പ് മുതല്‍ ബമ്പര്‍ സമ്മാനത്തിനുള്ള നറുക്കെടുപ്പ് വരെയുള്ള എല്ലാത്തിലും പങ്കെടുക്കാന്‍ യോഗ്യത നേടുന്നതായിരിക്കും.

മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കുന്നവര്‍ പ്രതിദിന നറുക്കെടുപ്പ് മുതല്‍ ഓരോ സ്റ്റാളിലെയും ഗ്രാന്‍ഡ് പ്രൈസ് വരെയുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരായിരിക്കും. രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ പ്രതിദിനസമ്മാനത്തിനായുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ വായ്പാ പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തെ വ്യവസായമേഖലയുടെ പുരോഗതിയില്‍ കോര്‍പറേഷന്റെ പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് എന്റെ കേരളം മേളയിലെ സ്റ്റാളിലൂടെയും മത്സരങ്ങളിലൂടെയും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.

കെ.എഫ്.സിയുടെ വായ്പാ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ബ്രോഷറുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content Highlight: Quiz competition with just five questions; Bumper prize Apple iPhone 16: Notably, KFC’s stall

We use cookies to give you the best possible experience. Learn more