| Friday, 12th December 2025, 1:02 pm

രോഹിത്തിനെ വെട്ടി, ഡി കോക്ക് അടിച്ചുകയറിയത് മില്ലറിനടുത്തേക്ക്; ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കന്‍ ആധിപത്യം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വമ്പന്‍ പരാജയമാണ് സ്വന്തമാക്കിയത്. 51 റണ്‍സിന്റെ വിജയമായിരുന്നു പ്രോട്ടിയാസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

മത്സരത്തില്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തിലാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. 46 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടിയാണ് ഡി കോക്ക് മടങ്ങിയത്. 195.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഡി കോക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ മറികടന്നായിരുന്നു ഡി കോക്ക്. മാത്രമല്ല റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് പ്രോട്ടിയാസ് സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് മില്ലറാണ്.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് (ഇന്നിങ്‌സ്)

ഡേവിഡ് മില്ലര്‍ – 545 (24)

ക്വിന്റണ്‍ ഡി കോക്ക് – 441 (12)

കോഹിത് ശര്‍മ – 429 (17

തിലക് വര്‍മ – 397 (8)

ഡി കോക്കിന് പുറമെ അവസാന ഘട്ടത്തില്‍ 12 പന്തില്‍ 20* റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റേയും 16 പന്തില്‍ 30* റണ്‍സ് നേടിയ ഡൊണോവന്‍ ഫെരേരയയുടേയും തകര്‍പ്പന്‍ പ്രകടനം പ്രോട്ടിസിന് നിര്‍ണായകമായി. ബൗളിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് തിലക് വര്‍മയായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അഞ്ചാമനായി ഇറങ്ങിയായിരുന്നു തിലകിന്റെ ഒറ്റയാള്‍ പോരാട്ടം. 34 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. ജിതേഷ് ശര്‍മ 27 റണ്‍സ് നേടി സെക്കന്റ് ടോപ് സ്‌കോററായി.

Content Highlight: Quinton De Kock Surpass Rohit Sharma In A Record Achievement

We use cookies to give you the best possible experience. Learn more