കരീബിയന്‍ പ്രിമീയര്‍ ലീഗില്‍ എസ്.കെ.എന്‍ പാട്രിയേറ്റ്സിനെതിരെയാ മത്സരത്തില്‍ ബാര്‍ബഡോസ് റോയല്‍സ് പരാജയമേറ്റുവാങ്ങിയിരുന്നു. ആറ് വിക്കറ്റുകള്‍ക്കാണ് പാട്രിയേറ്റ്സിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പാട്രിയേറ്റ്സ് 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.
മത്സരത്തില്‍ റോയല്‍സിന് വേണ്ടി തിളങ്ങിയത് സെഞ്ച്വറി നേടിയ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ക്വിന്റണ്‍ ഡി കോക്കാണ്. 57 പന്തുകളില്‍ നിന്നും 107 റണ്‍സാണ് താരം അടിച്ചെടുത്തത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. തന്റെ പത്താം ടി-20 സെഞ്ച്വറിയാണ് താരം റോയല്‍സിനായി നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്. ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ഡി കോക്കിന് സാധിച്ചത്. മുന്‍ പ്രോട്ടിയാസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ മറികടന്നാണ് താരം മൂന്നാമനായത്.
ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കും ഓസീസ് ഇതിഹാസം ഡേവിഡ് വാര്‍ണറിനൊപ്പവുമാണ് ക്വിന്റണ്‍ ഡി കോക്ക് സ്ഥാനം പിടിച്ചത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് കരീബിയന്‍ കരുത്തന്‍ ക്രിസ് ഗെയ്‌ലാണ്. 22 സെഞ്ച്വറികളാണ് യൂണിവേഴ്‌സ് ബോസിന്റെ അക്കൗണ്ടിലുള്ളത്.
ക്രിസ് ഗെയില്‍ (വെസ്റ്റ് ഇന്‍ഡീസ്) – 22
ബാബര്‍ അസം (പാകിസ്ഥാന്‍) – 13
വിരാട് കോഹ്‌ലി (ഇന്ത്യ) – 10
ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 10*
ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 10
ഫാഫ് ഡുപ്ലെസിസ് (സൗത്ത് ആഫ്രിക്ക) – 9
ജോണ്‍സണ്‍ ചാള്‍സിന്റെ കരുത്തിലാണ് പാട്രിയേറ്റ്‌സ് വിജയം കൈപ്പിടിയിലാക്കിയത്. 45 പന്തില്‍ 78 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക 36 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Content Highlight: Quinton De Kock In Great Record Achievement With Virat Kohli