| Friday, 7th November 2025, 3:24 pm

വെടിക്കെട്ട് വീരനെയും വെട്ടി ഡി കോക്ക് ഒന്നാമന്‍; തൂക്കിയത് അപൂര്‍വ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക എട്ട് വിക്കറ്റിന്റെ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇഖ്ബാല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ക്വിന്റണ്‍ ഡി കോക്ക് 119 പന്തില്‍ പുറത്താവാതെ 123 റണ്‍സ് നേടി വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരിട്ട 96ാം പന്തിലാണ് താരം സെഞ്ച്വറി നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. വിരമിക്കല്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ രണ്ടാമത്തെ മത്സരത്തിലാണ് ഡി കോക്ക് സെഞ്ച്വറി നേടി തിളങ്ങിയത്.

ഏകദിനത്തില്‍ തന്റെ 22ാം സെഞ്ച്വറിയാണ് ഡി കോക്ക് കുറിച്ചത്. മാത്രമല്ല പാകിസ്ഥാനില്‍ താരം നേടുന്ന കന്നിസെഞ്ച്വറിയുമാണിത്. ഏകദിനത്തില്‍ ഏഷ്യയില്‍ ഒമ്പത് സെഞ്ച്വറികളും താരം അക്കൗണ്ടിലാക്കി. അതില്‍ ആറ് സെഞ്ച്വറിയും ഇന്ത്യയ്‌ക്കെതിരെയാണ് കോക്ക് നേടിയത്.

ഇതോടെ ഒരു വമ്പന്‍ റെക്കോഡും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഏഷ്യയിലെ ഒരു വിസിറ്റിങ് ബാറ്റര്‍ എന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടാനാണ് ഡി കോക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് താരം ലിസ്റ്റില്‍ ഒന്നാമതായത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഏഷ്യയിലെ ഒരു വിസിറ്റിങ് ബാറ്റര്‍ എന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ടീം, സെഞ്ച്വറി

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 9

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 8

നഥാന്‍ ആസ്റ്റല്‍ – ന്യൂസിലാന്‍ഡ് – 6

ഷായി ഹോപ് – വെസ്റ്റ് ഇന്‍ഡീസ് – 6

പ്രോട്ടിയാസിനായി ഡി കോക്കിന് പുറമെ ടോണി ഡി സോര്‍സിയും തിളങ്ങി. താരം 63 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും അടക്കം 76 റണ്‍സാണ് എടുത്തത്. കൂടാതെ 40 പന്തില്‍ 46 റണ്‍സുമായി ഓപ്പണര്‍ ലുവന്‍-ഡ്രെ പ്രെട്ടോറിയസ് മികവ് പുലര്‍ത്തി. പാകിസ്ഥാനായി മുഹമ്മദ് വസീം ജൂനിയറും ഫഹീം അഷ്റഫും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്ഥാനായി ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, സയീം അയ്യൂബ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ആഘ 106 പന്തില്‍ 69 റണ്‍സ് എടുത്തപ്പോള്‍ നവാസ് 59 പന്തില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു. സയീം അയ്യൂബ് 66 പന്തില്‍ 53 റണ്‍സും ചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്കായി നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റുമായി തിളങ്ങി. എന്‍കാബ പീറ്റര്‍ മൂന്ന് വിക്കറ്റും കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlight: Quinton De Kock In Great Record Achievement In ODI

We use cookies to give you the best possible experience. Learn more