| Friday, 17th April 2026, 9:01 am

സച്ചിനും രോഹിത്തും ഇനി ഒറ്റയ്ക്കല്ല; നിര്‍ഭാഗ്യത്തിന്റെ റെക്കോഡില്‍ ഇനി ഡി കോക്കും

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്. ഇതോടെ അപരാജിത കുതിപ്പുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാനും പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മുംബൈക്ക് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് പ്രോട്ടിയാസ് താരം ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു. സീസണില്‍ മുംബൈക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങി സെഞ്ച്വറി നേടിയായിരുന്നു താരം വമ്പന്‍ പ്രകടനം നടത്തിയത്.

ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക്ക് മിന്നും പ്രകടനം നടത്തിയത്. 186.67 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. സെഞ്ച്വറിയുണ്ടായിരുന്നിട്ടും മുംബൈ പരാജയപ്പെട്ടതോടെ ഡി കോക്കിന് അര്‍ഹമായ പ്ലെയര്‍ ഓ ദി മാച്ച് അവാര്‍ഡും നഷ്ടപ്പെട്ടു. ഇതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡ് ലിസ്റ്റിലും ഡി കോക്ക് എത്തിപ്പെട്ടിരിക്കുകയാണ്.

ഐ.പി.എല്ലില്‍ മുംബൈക്ക് വേണ്ടി തോറ്റ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ഡി കോക്കിന് സാധിച്ചത്. ഈ ലിസ്റ്റില്‍ സച്ചിനും രോഹിത്തുമാണ് ഡി കോക്കിനേക്കാള്‍ മുന്നിലെത്തിയത്.

ഐ.പി.എല്ലില്‍ മുംബൈക്ക് വേണ്ടി തോറ്റ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന താരം, സ്‌കോര്‍, എതിരാളി, വര്‍ഷം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 100*(66) – കൊച്ചി തസ്‌കേഴ്‌സ് കേരള – 2011

രോഹിത് ശര്‍മ – 105* (63) – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2024

ക്വിന്റണ്‍ ഡി കോക്ക് – 112* (60) – പഞ്ചാബ് – 2024

ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. പ്രഭ്‌സിമ്രാന്‍ 39 പന്തില്‍ 80* റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

Content Highlight: Quinton de Kock becomes third player to score a century in a match Mumbai lost in IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more