| Friday, 30th January 2026, 7:56 pm

ഒരേ വേദി, ഒരേ എതിരാളി; വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതെങ്ങനെ സാധിച്ചെടുത്തു ഡി കോക്കേ...

ഫസീഹ പി.സി.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി – 20 പരമ്പരയില്‍ സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തില്‍ പ്രോട്ടിയാസ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ ഡി കോക്ക് സെഞ്ച്വറിയടിച്ചാണ് ടീമിന് വിജയം സമ്മാനിച്ചത്. 234. 69 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ വിക്കറ്റ് കീപ്പര്‍ 49 പന്തില്‍ 115 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പത്ത് സിക്സും ആറ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. ഇത് താരത്തിന്റെ ടി – 20 കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണ്.

ക്വിന്റൺ ഡി കോക്ക്. Photo: Shivam Prajapati/x.com

ഡി കോക്കിന്റെ ആദ്യ ടി – 20 സെഞ്ച്വറി 2023ലാണ് പിറന്നത്. അന്നും എതിരാളികളായി വിന്‍ഡീസ് തന്നെയായിരുന്നു എന്നതാണ് കൗതുകം. ഇതുമാത്രമല്ല, പിന്നെയുമുണ്ട് ഈ രണ്ട് സെഞ്ച്വറികള്‍ തമ്മിലുള്ള സാമ്യതകള്‍.

അതിലൊന്ന് സെഞ്ച്വറികള്‍ക്കായി ഡി കോക്ക് നേരിട്ട പന്തുകളാണ്. ഈ രണ്ട് ഇന്നിങ്‌സിലും താരം 43 പന്തുകള്‍ നേരിട്ടാണ് മൂന്നക്കം കടന്നത്. കൂടാതെ, സൗത്ത് ആഫ്രിക്കയിലെ സെഞ്ചൂറിയന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് താരത്തിന്റെ ഈ രണ്ട് സെഞ്ച്വറികളും പിറന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്.

ക്വിന്റൺ ഡി കോക്ക്. Photo: Indian sports/x.com

കൂടാതെ, ഡി കോക്കിന്റെ ഈ രണ്ട് സെഞ്ച്വറികളും 220+ ചെയ്സിലായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 2023ല്‍ വിന്‍ഡീസിന് എതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 258 റണ്‍സ് ചെയ്‌സിനിടെയാണ് ഈ സെഞ്ച്വറി പിറന്നത്. കഴിഞ്ഞ ദിവസത്തേതാകട്ടെ 221 റണ്‍സ് പിന്തുടര്‍ന്നതിനിടയിലുമാണ്.

അതേസമയം, മത്സരത്തില്‍ റയാന്‍ റിക്കില്‍ട്ടണ്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 36 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Content Highlight: Quinton De Cock’s two T20I centuries are against West Indies and in same venue

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more